കൂട്ടയടിയിൽ പരിക്കേറ്റ് വിദ്യാര്‍ത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികളാണ് തമ്മിലടിച്ചത്.
മലപ്പുറം/ പാലക്കാട് : മലപ്പുറത്തും പാലക്കാട്ടും കോഴിക്കോട്ടും വിദ്യാര്‍ത്ഥികളുടെ 'തല്ലുമാല'. കൂട്ടയടിയിൽ പരിക്കേറ്റ് വിദ്യാര്‍ത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികളാണ് തമ്മിലടിച്ചത്.
മലപ്പുറത്ത് വാഴക്കാട് ഗവണ്മെന്റ് ഹയർസക്കൻഡറി സ്കൂളിലെ പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്. പിടിച്ച് മാറ്റാൻ ചെന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികളുടെ അടിയേറ്റു. സ്കൂളിൽ നിന്നും ആരംഭിച്ച അടി റോഡിലിറങ്ങിയും തുടര്‍ന്നതോടെ നാട്ടുകാർ 'കൈകാര്യം' ചെയ്തു. ഇതോടെ കുട്ടികൾ സ്കൂളിലേക്ക് തന്നെ തിരികെക്കയറി അടി തുടര്‍ന്നു. പ്ലസ് വണിൽ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് പിന്നീട് അടിയിൽ കലാശിച്ചതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സ തേടി. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അതേ സമയം, പാലക്കാട്ടും സമാനമായ സംഭവമുണ്ടായി. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളാണ് ചേരി തിരിഞ്ഞ് തമ്മിലടിച്ചത്. മൂന്നാംവർഷ വിദ്യാർത്ഥികൾ രണ്ടാംവർഷ വിദ്യാർത്ഥികളെ മർദിച്ചെന്നാണ് പരാതി. രണ്ടാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി അലനല്ലൂർ സ്വദേശി സഫ്വാ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് കല്ലുകൊണ്ട് മർദിച്ചുവെന്നാണ് പരാതിയിലുള്ളത്. മൂന്നാം വർഷ വിദ്യാർത്ഥിയായ ഷാഹിറിനും മര്‍ദ്ദനത്തിൽ പരിക്കേറ്റു. ഇയാളും ആശുപത്രിയിൽ ചികിത്സ തേടി.
കോഴിക്കോട് ഉള്ള്യേരി എം ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലും സംഘര്‍ഷമുണ്ടായി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ഡിപ്പാര്‍ട്ട് മെന്‍റിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഇന്ന് ഉച്ചക്കാണ് സംഘര്‍ഷമുണ്ടായത്. അത്തോളി പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
