''എന്റെ മൃതദേഹത്തിൽ ചവിട്ടിയെ പള്ളി ആക്രമിക്കാനാകൂ'' എന്ന് ബാബറി മസ്ജിദ് വിഷയത്തിൽ നിലപാടെടുത്തതോടെ 'മുല്ല മുലായം' എന്ന വിളിപ്പേരും സ്വന്തമായി

ദില്ലി : ഇന്ത്യ ഹൃദയഭൂമിയിലെ രാഷ്ട്രീയ തേരോട്ടം അവസാനിപ്പിച്ച് മുലായം സിങ് എന്ന അധികായൻ വിടവാങ്ങിയിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിശ്ചയിക്കാൻ പോന്ന ഉത്തർപ്രദേശിനെ കൈ വെള്ളയിൽ കൊണ്ടുനടന്ന രാഷ്ട്രീയ ചാണക്യൻ സംസ്ഥാനത്ത് പാർട്ടി നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ ബാക്കി വച്ചാണ് മടങ്ങുന്നത്. കോൺഗ്രസ് പിടിമുറുക്കിയിരുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ തേർ വാഴ്ചയ്ക്ക് തുടക്കം കുറിക്കുന്നതായിരുന്നു മുലായത്തിന്റെ രാഷ്ട്രീയ പ്രവേശനം. 

അച്ഛന്റെ ഇച്ഛ പ്രകാരം ഗോദയിലൊരു കൈ നോക്കാനിറങ്ങിയ മുലായം പക്ഷേ പയറ്റിത്തെളിഞ്ഞത് രാഷ്ട്രീയത്തിലാണ്. നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. തന്റെ രാഷ്ട്രീയ ഗുരുവെന്ന് മുലായം വിശേഷിപ്പിക്കുന്നതും നട്ടു സിംഗിനെയാണ്. 1967-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച മുലായം ആദ്യ വിജയത്തിലൂടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. പിന്നീട് രാജ് നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമാവുകയും ഇത് 1974 ൽ പിന്നീട് ഭാരതീയ് ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറിയപ്പോൾ അതിനൊപ്പം നിൽക്കുകയും ചെയ്തു.

സോഷ്യലിസ്റ്റ് നേതാവ് ചരൺ സിംഗിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ മുലായം 1977 ൽ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. ആദ്യമായി മന്ത്രി പദവി ലഭിക്കുന്നതും ഈ തെരഞ്ഞെടുപ്പ് വിജയത്തോടെയാണ്. സഹകരണ മൃഗസംരക്ഷണ ഗ്രാമീണ വ്യവസായ വകുപ്പ് മന്ത്രിയായി മുലായം. എന്നാൽ ഇതിനിടെ അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. 

1980-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുലായം പക്ഷേ തന്റെ ജൈത്രയാത്രയിലെ ആദ്യ പടിയായി മാത്രമാണ് ആ തോൽവിയെ കണ്ടത്. പിന്നീട് ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1984-ൽ ചരൺ സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്‌ദൂർ കിസാൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി മുലായം. 

1989 ൽ ആയിരുന്നു യുപി രാഷ്ട്രീയത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെയും ഗതി മാറ്റാൻ പോന്ന നേതാവാണ് മുലായം എന്ന തിരിച്ചറിവ് കോൺഗ്രസിനടക്കം നൽകിക്കൊണ്ട് അദ്ദേഹത്തിന്റ വിജയവും യുപിയിലെ മുഖ്യമന്ത്രിയായുള്ള അവരോഹണവും. കഠിനാധ്വാനവും കൂർമ്മ ബുദ്ധിയും കൊണ്ട് ഈ കുറിയ മനുഷ്യൻ ഉത്തർപ്രദേശിലെ ജനങ്ങളുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു. ഇതോടൊപ്പം ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രാദേശിക പാർട്ടി നിർണ്ണായക ഘടകമായി മാറുക കൂടിയായിരുന്നു. 

1991ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ തർക്ക ഭൂമിയായിരുന്ന ബാബറി മസ്ജിദിലേക്ക് മാർച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ, ''എന്റെ മൃതദേഹത്തിൽ ചവിട്ടിയെ പള്ളി ആക്രമിക്കാനാകൂ'' എന്നായിരുന്നു ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ മുലായം പറഞ്ഞത്. അദ്ദേഹം കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതോടെ 'മുല്ല മുലായം' എന്ന വിളിപ്പേരും സ്വന്തമായി. അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും കുടുംബാംഗങ്ങൾക്ക് പോലും 'നേതാജി'യായിരുന്നു മുലായം. ചില ഉദ്യോഗസ്ഥർ അദ്ദേഹത്തെ 'നാനോ നെപ്പോളിയൻ' എന്ന് വരെ വിളിച്ചു. 

1990 നവംബറിൽ ദേശീയ രാഷ്ട്രീയത്തിൽ വി പി സിംഗ് സർക്കാരിന്റെ തകർച്ചയ്ക്ക് ശേഷം, മുലായം ചന്ദ്രശേഖറിന്റെ ജനതാദൾ (സോഷ്യലിസ്റ്റ്) പാർട്ടിയിൽ ചേരുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരത്തിൽ തുടരുകയും ചെയ്തു. എന്നാൽ വീണ്ടുമുണ്ടായ ദേശീയ രാഷ്ടീയത്തിലെ അട്ടിമറിയിൽ മുലായത്തിന് മുഖ്യമന്ത്രി കസേര നഷ്ടമായി. ചന്ദ്രശേഖറിന്റെ സർക്കാരിനുള്ള പിന്തുണ 1991 ഏപ്രിലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിൻവലിച്ചതോടെയാണ് യുപിയിൽ മുലായവും വീണത്. 

ഇതിന് പിന്നാലെ 1991-ന്റെ മധ്യത്തിൽ യുപിയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മുലായത്തിന്റെ പാർട്ടി അടിപതറുകയും ബാബറി വിഷയത്തിലെ സംഘർഷങ്ങൾ വോട്ടാക്കി ആദ്യമായി ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ അതേ ബാബറി മസ്ജിദ് വിഷയത്തെ തുടർന്ന് ബിജെപിക്ക് അധികാരം നഷ്ടമായി. ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ ആറിന് വെറും 65 ദിവസം മുമ്പ് 1992 ഒക്ടോബർ നാലിനാണ് മുലായം സമാജ് വാദി പാർട്ടിക്ക് രൂപം നൽകിയത്. പിന്നീട് സമാജ്വാദി പാർട്ടിയുടെ തലവനായി യുപിയിലും ദേശീയ രാഷ്ട്രീയത്തിലും മുലായം എന്ന നേതാജി നിറഞ്ഞ് നിന്നു. 

Read More : ഗുസ്തിക്കാരനാകാൻ വിട്ടു, രാഷ്ട്രീയക്കാരനായി മാറി; ദേശീയ രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായി മുലായം