മുംബൈ: പണത്തെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരനെ കൊലപ്പെടുത്തി യുവാവ്. മുംബൈ സെവ്രി സ്വദേശിയായ റിയാസ് ഷെയ്ഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഹുസൈന്‍ ഷെയ്ഖ് (22) പൊലീസ് പിടിയിലായിട്ടുണ്ട്. 

ഇന്നലെ പകല്‍ മസഗാവോണിലെ ഓറഞ്ച് ഗെയ്റ്റിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട റിയാസും പ്രതിയായ ഹുസൈനും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ചാണ് മത്സ്യവില്‍പന നടത്തിയിരുന്നത്. ഇന്നലെ കച്ചവടത്തിന് ശേഷം പണം പങ്കിട്ടെടുക്കുന്നതിനിടെ 150 രൂപയെ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. 

തുടര്‍ന്ന് ഹുസൈന്‍, റിയാസിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് കൊല നടന്നതെന്ന് പൊലീസ് ഇതുവരെയും വിശദീകരിച്ചിട്ടില്ല. ഫെറിയിലുണ്ടായിരുന്ന ബോട്ടിനകത്ത് വച്ചാണ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നും കൊലപാതകത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു. 

Also Read:- ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുത്തില്ല; മദ്യലഹരിയിൽ ഭർത്താവ് മൂന്നു വയസ്സുള്ള മകനെ അടിച്ചു കൊന്നു...