ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറി മോഷണത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായി.  കോയമ്പത്തൂരിലെയും പുതുക്കോട്ടയിലെയും ലോഡ്ജുകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ മോഷ്ടാക്കള്‍ കേരളത്തിലും കവര്‍ച്ച നടത്തിയവരാണെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി.

മോഷണത്തിന് ശേഷം തിരുച്ചിറപ്പള്ളിയിലെ ലോക്കല്‍ സ്റ്റേഷനില്‍ എത്തിയ കവര്‍ച്ചാ സംഘം ട്രെയിനില്‍ വിവിധ ഇടങ്ങളിലേക്ക് കടക്കുകയായിരുന്നു. നാല് പേരെ കോയമ്പത്തൂരില്‍ നിന്നും രണ്ട് പേരെ പുതുക്കോട്ടെയിലെ ലോഡ്ജില്‍ നിന്നുമാണ് കസ്റ്റഡ‍ിയിലെടുത്തത്. ഉത്തരേന്ത്യന്‍ സ്വദേശികളായ കൂടുതല്‍ പേര്‍ കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

പൊലീസ് ലോഡ്ജില്‍ എത്തിയ ഉടനെ മോഷ്ടാക്കാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമകരമായി കീഴ്‍പ്പെടുത്തുകയായിരുന്നു.കേരളത്തിലും വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ എട്ട് ക്രിമിനല്‍ കേസുകളുണ്ട്.  വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ ശേഷം ഒരു സ്ഥലത്ത് ഒത്തുകൂടുന്നതാണ് രീതി. 

പുതപ്പ് വില്‍പ്പനാക്കാരായാണ് ഇവര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണം. മൃഖങ്ങളുടെ രൂപമുള്ള മുഖംമൂടി ധരിച്ച് രണ്ട് പേര്‍ ജ്വല്ലറിക്ക് അകത്ത് പ്രവേശിക്കുകയും, മറ്റുള്ളവര്‍ പുറത്ത് നിന്ന് സഹായം നല്‍കുകയുമായിരുന്നു. ഭിത്തി തുരക്കാന്‍ ഇവര്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് ജ്വല്ലറിക്ക് പുറകിലെ സ്കൂളിന് സമീപത്ത് നിന്ന് കണ്ടെത്തി. 

മോഷണത്തിന് ശേഷം ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ജനുവരിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തിരുച്ചിറപ്പള്ളിയിലെ ശാഖയില്‍ സമാന മോഷണം നടന്നിരുന്നു. ഇപ്പോഴത്തെ ജ്വല്ലറി മോഷണത്തിലേത് പോലെ ഭിത്തി തുരന്ന് കയറി, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് അന്ന് സ്വര്‍ണം കവര്‍ന്നത്. ഈ കേസുമായി ഇവര്‍ക്ക് ബന്ധം ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്.