കണ്ണൂർ: ഇരിട്ടിയിൽ യുവാവിനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ. പിടിയിലായവർ ചന്ദനക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നന് പൊലീസ് പറഞ്ഞു. 
ശിവപുരം സ്വദേശികളായ സി പ്രവീൺ, പി പി ജനീഷ്, ലിജിൽ, മമ്പറം സ്വദേശി ഷിബിൻ രാജ്, പടിക്കച്ചാൽ സ്വദേശി ലിജിത്ത് എന്നിവരാണ് പിടിയിലായത്.

ലിജിത്ത് രണ്ട് കാപ്പ കേസുകളിലടക്കം പതിനാറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം പതിനൊന്നിന് ഉളിക്കൽ സ്വദേശിയും ഇന്‍റീരിയര്‍ ഡിസൈൻ ജോലിക്കാരനുമായ ഷൈമോനെ ജോലിയുണ്ടെന്ന് പറഞ്ഞ് എടക്കാടേക്ക് വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച ശേഷം കാർ കയറ്റി കൊല്ലാൻ ശ്രമിച്ചു. 

ഷൈമോനിൽ നിന്ന് സ്വർണ്ണമാലയും 25000 രൂപയം കവർന്നു. 180000 രൂപയുടെ ക്വട്ടേഷൻ എടുത്താണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷൻ നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.