എംഡിഎംഎ വില്‍പ്പന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്ത വിഷ്ണു നാരായണന്‍ എന്ന യുവാവിനെ ചോദ്യം ചെയ്തിരുന്നു.

ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ ബിയര്‍ പാര്‍ലറിന് സമീപത്തു വെച്ച് യുവാക്കളെ ആക്രമിച്ച കേസില്‍ അഞ്ചു പേരെ പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തു. വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കളവംകോടം ചെട്ടിശേരിച്ചിറ വീട്ടില്‍ സുരാജ് (28), കളവഞ്ചിറ വീട്ടില്‍ രാഹുല്‍ (25), 11-ാം വാര്‍ഡില്‍ കളവംകോടം കലോപ്പടിക്കല്‍ ഷിനാസ് (23), കളവംകോടം തെക്കേ കണ്ണിശേരിയില്‍ അതുല്‍ കൃഷ്ണ (24), കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാംവാര്‍ഡ് ചിറയില്‍ വീട്ടില്‍ അനൂപ് (25) എന്നിവരെയാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: എംഡിഎംഎ വില്‍പ്പന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റു ചെയ്ത വിഷ്ണു നാരായണന്‍ എന്ന യുവാവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ചേര്‍ത്തല താലൂക്കില്‍ വിവിധ പ്രദേശങ്ങളില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്നത് ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിലെ രാഹുലാണെന്ന് വിഷ്ണു മൊഴി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കുന്നതിനു വേണ്ടിയാണ് വിഷ്ണു നാരായണനെയും കൂട്ടുകാരെയും ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടത്. വിഷ്ണു നാരായണന്റെ സുഹൃത്തുക്കളായ തൈക്കല്‍ സ്വദേശികളായ കണ്ണന്‍ (30), അഖില്‍ ( 29), കൈലാസ് (21) എന്നിവര്‍ കഴിഞ്ഞ ദിവസം കടക്കരപ്പള്ളി ബിയര്‍ പാര്‍ലറിനു സമീപം ഉണ്ടെന്നറിഞ്ഞെത്തിയ അഞ്ചംഗ സംഘം സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ കണ്ണനും കൈലാസിനും ഗുരുതരമായി പരുക്കേറ്റു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കണ്ണന്‍. കൈലാസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. നിരവധി കേസുകളില്‍ പ്രതികളാണ് പിടികൂടിയ സംഘമെന്നും പല സ്റ്റേഷനുകളില്‍ ഗുണ്ടാ ലിസ്റ്റിലുള്ളവരാണെന്നും പൊലീസ് പറഞ്ഞു. അക്രമണം നടത്തിയ ശേഷം ബംഗളൂരുവിലേക്ക് കടന്നു കളഞ്ഞ സംഘം കണ്ണൂരെത്തിയപ്പോഴാണ് പട്ടണക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.

പട്ടാപ്പകൽ നടുറോഡിൽ നടുക്കുന്ന കൊലപാതകം, ചന്തയ്ക്കരികിൽ നടക്കവെ പിന്നിൽ നിന്നും ആദ്യം വെട്ടി, പിന്നെ ക്രൂരത

YouTube video player