അമ്മാവനായ സത്യേന്ദ്ര ഭട്ടിയുടെയും കസിന്റെയും കൂടെ ബാക്കില്‍ യാത്ര ചെയ്യവേ രണ്ട് പേര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെയിലാണ് അപകടം നടന്നതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വിദ്യാര്‍ത്ഥിയായ 20കാരിയുടെ മരണത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ സുദീക്ഷ ഭട്ടിയാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. ചിലര്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് ശേഷമാണ് അപകടം നടന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു.

അപകടത്തിന് മുമ്പ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നും ഇന്‍ഷുറന്‍ പണം ലഭിക്കാനാകാം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് സിബിഎസ്ഇ പരീക്ഷയില്‍ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു സുദീക്ഷ. പിന്നീട് 3.8 കോടി സ്‌കോളര്‍ഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മസാചുസെറ്റ്‌സിലെ ബാബ്‌സണ്‍ കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു.

അമ്മാവനായ സത്യേന്ദ്ര ഭട്ടിയുടെയും കസിന്റെയും കൂടെ ബാക്കില്‍ യാത്ര ചെയ്യവേ രണ്ട് പേര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെയിലാണ് അപകടം നടന്നതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, സുദീക്ഷയുടെ പ്രായപൂര്‍ത്തിയാകാത്ത കസിനാണ് ബൈക്ക് ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് ലഭിച്ച ഭീമമായ സ്‌കോളര്‍ഷിപ്പ് തുകയും ഇന്‍ഷൂറന്‍സും തട്ടാന്‍ ശ്രമിച്ചോയെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. രണ്ട് പേര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പറയുന്നതെന്ന് സംശയമുണ്ടെന്നും പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. 

സത്യേന്ദ്ര ഭട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് അപകടം നടക്കുമ്പോള്‍ അയാള്‍ ദാദ്രിയിലാണ്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് അയാള്‍ സ്ഥലത്തെത്തുന്നത്. അദ്ദേഹം അപകട സ്ഥലത്തേക്ക് എത്തിയ വഴികളെക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് പേര്‍ പിന്നാലെയെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച കുടുംബത്തിന്റെ ആരോപണത്തെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 
ചൊവ്വാഴ്ചയാണ് പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപകടകരമായ രീതിയില്‍ വാഹനമോടിച്ചാണ് മരണ കാരണമായ അപകടമുണ്ടായതെന്നാണ് എഫ് ഐ ആറിലുള്ളത്.

അതേസമയം, അപകട സമയത്ത് രണ്ട് പേര്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. തന്റെ മകള്‍ മിടുക്കിയായിരുന്നെന്നും അവളെ ഉപദ്രവിച്ച രണ്ട് പേര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. മസാചുസെറ്റ്‌സില്‍ നിന്ന് കഴിഞ്ഞ മാസമാണ് സുദീക്ഷ നാട്ടിലെത്തിയത്. ഈ മാസം തിരിച്ചു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം.