തിരുവനന്തപുരം: കിളിമാനൂരിൽ നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിച്ചയാളെ വനംവകുപ്പ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 8 ലക്ഷം രൂപ വിലവരുന്ന നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിച്ച റാന്നി സ്വദേശി സച്ചിനെയാണ് വനം വകുപ്പ് പിടികൂടിയത്.

ഫോറസ്റ്റ് വിജിലൻസ് വിഭാഗമാണ് നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്ന വിവരം ചുള്ളിമാനൂർ ഫ്ലയിങ്ങ് സ്ക്വാഡിന് നൽകുന്നത്. തുടർന്ന് കിളിമാനൂരിൽ വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഉദ്യോഗസ്ഥർ വളയുകയായിരുന്നു.  

പ്രതികളിലൊരാളായ റാന്നി സ്വദേശി സച്ചിനെ വനം വകുപ്പ് പിടികൂടി. എന്നാൽ കൂടെയുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. റാന്നി സ്വദേശിയായ ഗോപനും കൂടെയുണ്ടായിരുന്ന ജയശങ്കറും മറ്റൊരാളുമാണ് ഓടി രക്ഷപ്പെട്ടത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും വനംവകുപ്പ് അറിയിച്ചു. 

ഏകദേശം 682 ഗ്രാം ഭാരം വരുന്ന അപൂർവ്വയിനം നക്ഷത്ര ആമയെയാണ് പ്രതികൾ വിൽക്കാൻ ശ്രമിച്ചതെന്ന് ഫോറസ്റ്റ് ഉദ്യാഗസ്ഥർ പറഞ്ഞു. പ്രതികൾ വന്ന കാർ വനംവകുപ്പിന്‍റെ കസ്റ്റഡിയിലാണ്. നെടുമങ്ങാട് കോടതി പ്രതി സച്ചിനെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു.