ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മൂന്ന് തവണ എംഎല്‍എ ആയിരുന്ന നിര്‍വേന്ദ്ര മിശ്രയാണ് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. 

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് എംഎല്‍എയെ ഒരു സംഘം  ആളുകള്‍ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മിശ്രയുടെ മകനും മര്‍ദനമേറ്റു. കോടതിയില്‍ കേസ് നടക്കുന്ന ഭൂമിയെ കുറിച്ചുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്ന സംഘങ്ങളില്‍ ഒരാളായ കിഷന്‍ കുമാര്‍ ഗുപ്ത, ഞായറാഴ്ച രാവിലെ നൂറിലധികം ആളുകളുമായി സ്ഥലം പിടിച്ചെടുക്കാൻ എത്തുകയായിരുന്നു. 

മിശ്രയും തന്റെ ആളുകളുമായി സ്ഥലത്തെത്തി. പിന്നാലെ ഇരു സംഘങ്ങളും ഏറ്റുമുട്ടി. പരിക്കേറ്റ മിശ്ര, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, നിരവധി രാഷ്ട്രീയക്കാർ മിശ്രയുടെ മരണത്തിൽ പ്രതികരിച്ചുകൊണ്ട് രം​ഗത്തെത്തി. യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ സംസ്ഥാനത്ത് സുരക്ഷാ സംവിധാനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു പറഞ്ഞു.