ആലപ്പുഴ: പുന്നപ്രയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയില്‍ മനു(28)വിന്റെ മൃതദേഹം കടൽതീരത്ത് കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ 19 മുതല്‍ ആലപ്പുഴയിലെ പറവൂരില്‍ നിന്നുമാണ് മനുവിനെ കാണാതായത്.

മനുവിന്റെ അച്ഛൻ മനോഹരന്‍ പുന്നപ്ര പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറമ്പില്‍ അപ്പാപ്പന്‍ പത്രോസ്(28), വടക്കേ തൈയ്യില്‍ സനീഷ് (സൈമണ്‍-29) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയില്‍ ഓമനകുട്ടന്‍(ജോസഫ് -19), പനഞ്ചിക്കല്‍ വിപിന്‍ (ആന്റണി സേവ്യര്‍-28) എന്നിവരുടെ കൂടി സഹായത്തോടെയാണ് മനുവിനെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതികൾ മൊഴി നൽകി. ഓമനക്കുട്ടനെ പൊലീസ് പിന്നീട് പിടികൂടി.

പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികൾ 

കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികൾ പൊലീസിനെ വഴിതെറ്റിച്ചു. മനുവിനെ കൊന്ന് കടലിൽ താഴ്ത്തിയെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു മൊഴി. ഈ മൊഴി പ്രതികളിൽ ചിലർ പിന്നീട് മാറ്റി. കടൽതീരത്ത് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കടലിലും കരയിലും തെരച്ചില്‍ നടത്തി. ഒടുവിലാണ് മനുവിന്‍റെ മൃതദേഹം കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 

കൊല്ലപ്പെട്ട മനുവിനും പ്രതികൾക്കുമെതിരെ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ഗുണ്ടാപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ കൂടുതൽ പേർ പ്രതികൾ ആകുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.