തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലിസ്ഥലത്തു നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വട്ടിയൂർകാവ് സ്വദേശികളായ മിഥുൻ, വിനീത്, സഹോദരങ്ങളായ അഖിൽ ചന്ദ്രൻ, അതുൽ ചന്ദ്രൻ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയതത്.

വട്ടിയൂർകാവ് സ്വദേശിയായ വിഷ്ണുദേവിനെ ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കഴക്കൂട്ടത്തെ ജോലി സ്ഥലത്ത് നിന്നും നാലംഗ സംഘം തട്ടികൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. കഴക്കൂട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിൽ പോവുകയായിരുന്ന സംഘത്തെ പിടികൂടിയത്. വിഷ്ണുവിനെ തട്ടികൊണ്ടു പോകാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകൽ, പിടിച്ചുപറി, മർദനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 

പ്രതികളിൽ ഒരാളുടെ സഹോദരിയെ, മര്‍ദനമേറ്റ വിഷ്ണു ഫെയ്സ്ബുക്കിലൂടെ അപമാനിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.  ഇതറിഞ്ഞ സഹോദരൻ,  സുഹൃത്തുക്കൾക്കൊപ്പം വിഷ്ണു ജോലി ചെയ്യുന്ന വർക്ക് ഷോപ്പിൽ എത്തി തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആദ്യം വട്ടിയൂർകാവ് പൊലീസിൽ എത്തിയ പെണ്‍കുട്ടിയുടെ സഹോദരനോട് വിഷ്ണവിനെ പിടിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ പിടിച്ചുകൊണ്ടുവരാൻ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പറഞ്ഞതായി ആക്ഷേപമുണ്ട്.സംഭവത്തിൽ ആരോപണ വിധേയനായ വട്ടിയൂർകാവ് എസ് ഐ പ്രദീപിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എസ് ഐക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകാനാണ് സാധ്യത.