ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവാവിനെ വായിലും മൂക്കിലും പശയൊഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ യുവാവടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ ഒന്‍പതാം തീയതിയാണ് മധ്യപ്രദേശിലെ മൊറീന ജില്ലയില്‍ വച്ച് തങ്ങളുടെ അമ്മാവനായ ഗിരാജ് കുശ്വാഹ(22) സഹോദരന്മാരായ  ബ്രഹ്മജീത്ത് കുശ്വാഹ, ദിലീപ് കുശ്വാഹ എന്നിവര്‍ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ഗിരാജ് കുശ്വാഹക്ക് പ്രതികളിലൊരാളുടെ കസിനെ ഇഷ്ടമായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ വിവാഹം ഇയാളുടെ അനന്തരവന്മാരില്‍ ഒരാളായ ബ്രഹ്മജീതുമായി വീട്ടുകാര്‍ നിശ്ചയിച്ചു.  എന്നാല്‍ ഗിരാജ് കുശ്വാഹ പെൺകുട്ടിയെ വിവാഹം കഴിക്കരുതെന്ന് ബ്രഹ്മജീത്തിനെ ഭീഷണിപ്പെടുത്തി. ഇതോടെ ഇയാള്‍ അമ്മാവനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബ്രഹ്മജീത്തും സഹോദരനും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഡിസംബർ 9 ന് ഗിരാജിനെ ജൂറയിലെ പച്ച്ബെഗ പ്രദേശത്തെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി മര്‍‌ദ്ദിച്ചവശനാക്കി. പിന്നീട് വായിലും മൂക്കിലും പശയൊഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മരണം ഉറപ്പിക്കാനായി കത്തികൊണ്ട് കുത്തിയ ശേഷം മൃതദേഹം പ്രദേശത്തെ ഡാമിലെറിഞ്ഞു. ഡാമില്‍ നിന്ന് മൃതദേഹം കണ്ടെത്തിയിന് പിന്നാലെ പെലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍‌ നിന്ന് രണ്ട് ബൈക്കും കത്തിയും ട്യൂബുകളും പൊസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.