Asianet News MalayalamAsianet News Malayalam

'എം' എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ എത്തും; മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

'എം' എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന്‍റെ വലയിലായത്. 

four arrested for mdma sale
Author
Kollam, First Published Oct 8, 2021, 1:20 AM IST

കൊല്ലം: രഹസ്യ കോഡിന്‍റെ സഹായത്താല്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന നാല് യുവാക്കള്‍ പിടിയില്‍ (Arrested). കൊല്ലം (Kollam) സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 'എം' എന്ന രഹസ്യകോഡ് പറഞ്ഞാല്‍ എംഡിഎംഎ (MDMA) ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് എത്തിക്കുന്ന സംഘമാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന്‍റെ വലയിലായത്. സുഫിയാന്‍, തന്‍വീര്‍, അഭിലാഷ്, ഡോൺ എന്നിങ്ങനെ അറസ്റ്റിലായ നാലുപേരും കരുനാഗപ്പള്ളി സ്വദേശികളാണ്.

കൊല്ലം കരുനാഗപ്പള്ളി മേഖലകള്‍ കേന്ദ്രികരിച്ചായിരുന്നു ഇവരുടെ ലഹരി മരുന്ന് വില്‍പന. ഏജന്‍റുമാരായി ചില സ്ത്രീകളും ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിടുണ്ട്. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ നാല് പേരുമെന്ന് പൊലീസ് പറഞ്ഞു. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ഗ്രാം എംഡിഎംഎ, 105 ഗ്രാം ഹാഷിഷ് ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.

ഒരുഗ്രാം എംഡിഎംഎ പതിനായിരം രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഇടനിലക്കാര്‍ക്ക് കമ്മീഷനും നല്‍കിയിരുന്നു. കൊല്ലം, കരുനാഗപ്പള്ളി എന്നീ മേഖലകളില്‍ ലഹരി മരുന്ന വില്‍പന കൂടുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിടുണ്ട്. 

Follow Us:
Download App:
  • android
  • ios