അതിക്രമത്തില്‍ പരിക്കേറ്റ ദളിത് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അഹമ്മദ് നഗര്‍: മോഷണം കുറ്റം ആരോപിച്ച് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ദളിത് വിഭാഗത്തിൽപ്പെട്ട നാലു പേരെ തലകീഴായി കെട്ടി തൂക്കി മർദിച്ചു. ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദനം. സംഭവത്തില്‍ 6 പേരില്‍ ഒരാള്‍ പിടിയിലായി. ഞായറാഴ്ചയാണ് അതിക്രമത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവം വിവാദമായതിന് പിന്നാലെ ശ്രീറാംപൂര്‍ താലൂക്കിലെ ഹരാഗാവില്‍ ഞായറാഴ്ച കടകള്‍ അടക്കം അടച്ച് പ്രതിഷേധം നടന്നു. ഓഗസ്റ്റ് 25നായിരുന്നു അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മര്‍ദമേറ്റവര്‍ ഇരുപത് വയസ് പ്രായമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. യുവരാജ് ഗലാന്‍ഡേ, മനോജ് ബോഡകേ, പപ്പു പാര്‍ഖേ, ദീപക് ഗെയ്ക്വാദ്, ദുര്‍ഗേഷ് വൈദ്യ, രാജു ബോരാഗ് എന്നിവരാണ് ദളിത് യുവാക്കളെ ആക്രമിച്ചത്. അക്രമികളില്‍ ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

അതിക്രമത്തില്‍ പരിക്കേറ്റ ദളിത് യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, എസ് ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളില്‍ ഒരാളെ പിടികൂടിയതായി പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി.

ആറംഗ സംഘത്തിലെ അഞ്ച് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വിശദമാക്കി. അതിക്രമം മനുഷ്യത്വത്തിനേറ്റ കളങ്കമെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. ആളുകളില്‍ വെറുപ്പ് വിതച്ചവരാണ് അതിക്രമത്തിന് ഉത്തരവാദികളെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം