ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി അറിയാതെ തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടതാകാമെന്നാണ് മെയിൻപുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരുകുടുംബത്തിലെ മൂന്നുപേരും അയല്‍വാസിയുമടക്കം നാലുപേര്‍ വിഷം കലര്‍ന്ന ചായ കുടിച്ച് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മെയിൻപുരി ഗ്രാമത്തിലാണ് ദാരുണാന്ത്യം. വീട്ടിലെത്തിയ മുത്തശ്ശന് ചായയുണ്ടാക്കികൊടുത്ത ആറുവയസുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

മെയിൻപുരിയിലെ നഗ്ല കൻഹായ് ഗ്രാമത്തിൽ താമസിച്ചിരുന്ന ശിവാനന്ദന്റെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പമായികുന്നു ശിവാനന്ദന്‍റെ താമസം. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിംഗ് (55) വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകനായ ശിവങ് (6) ആണ് ചായ തയ്യാറാക്കിയത്. ഈ സമയം കുട്ടികളുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി അറിയാതെ തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടതാകാമെന്നാണ് മെയിൻപുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.

രവീന്ദ്ര സിംഗ് (55), ശിവാനന്ദൻ (35), ശിവംഗ് (6), ദിവാങ് (5) എന്നിവരും അല്‍വാസിയായ സോബ്രാൻ സിങ്ങും കുട്ടി കൊണ്ടുവന്ന ചായ കുടിച്ചു. ചാ.യ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ചുപേരെയും മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് രവീന്ദ്ര സിംഗ്, ശിവംഗ്, ദിവാങ് എന്നിവർ മരണപ്പെട്ടു.

തുടര്‍ന്ന് കുട്ടികളുടെ പിതാവ് ശിവാനന്ദ് സിംഗിനെയും സോബ്രാന്‍ സിംഗിനെയും ഇറ്റാവയിലെ സഫായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കി മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ സോബ്രാന്‍ സിംഗും മരണപ്പെട്ടു. ശിവാനന്ദ് തീവ്രപരിചരണ വിവാഭത്തില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചായയില്‍ കലര്‍ന്ന കീടനാശിനികളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെനും മെയിൻപുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.

Read More: വീട്ടമ്മയുടെ മാലപൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേറ്റു