ബെംഗളുരു: പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ജില്ലയിലെ സുളള്യ താലൂക്കിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവർമാരായ ദീതേഷ്, അശോക്, സങ്കേത്, വെങ്കടേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രതികളായ മറ്റു രണ്ടുപേർ ഒളിവിലാണ്.

പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഓട്ടോ ഡ്രൈവറായ ഒരാളുമായി പരിചയത്തിലാവുകയും ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാൾ ഓട്ടോ ഡ്രൈവർമാരായ മറ്റ് സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പരിചയപ്പെടുത്തുകയും പീഡനത്തിന് ഒത്താശ 
ചെയ്യുകയുമായിരുന്നു.

തുടർച്ചയായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയ്ക്ക് പത്താംക്ലാസിൽ വച്ച് പഠിപ്പ് നിർത്തേണ്ടി വന്നു. പെൺകുട്ടി താൻ ഗർഭിണിയാണെന്ന സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതികളിലൊരാൾ ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് നൽകുകയായിരുന്നു. അമിത രക്ത സ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.

പെൺകുട്ടി നടന്ന സംഭവങ്ങൾ ഡോക്ടറോടും രക്ഷിതാക്കളോടും പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മറ്റുരണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു