പാലാരിവട്ടം: ആക്രി സാധനങ്ങൾ പെറുക്കാനെന്ന പേരിലെത്തി മോഷണം നടത്തിയിരുന്ന സംഘത്തെ പാലാരിവട്ടം പൊലീസ് പിടികൂടി. രണ്ടു സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘമാണ് പിടിയിലായത്.

ആലിൻ ചുവട് ഭാഗത്തെ ഒരു വീടിന്റെ താഴത്തെ നിലയിൽ രാവിലെ അപരിചിതർ എത്തുന്നതും ചാക്കിൽ സാധനങ്ങളുമായി മടങ്ങുന്നതുമായ ദൃശ്യങ്ങൾ ഉടമക്ക് സിസിടിവിയിൽ നിന്നും ലഭിച്ചു. സ്ത്രീകൾ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു. സംശയം തോന്നിയ ഉടമ പരിശോധന നടത്തിയപ്പോൾ സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തി. തുടർന്ന് ഉടമ അയൽക്കാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആണ് മോഷണത്തിന്റെ ചുരുളുകൾ അഴിഞ്ഞത്.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മോഷ്ടിച്ച സാധനങ്ങൾ ചാക്കിൽ കെട്ടി വണ്ടിയിൽ കൊണ്ടു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. എസിയുടെ ഭാഗങ്ങളും, ചെമ്പു കമ്പികളും അലൂമിനിയം ഫാബ്രിക്കേഷൻ സാധനങ്ങളും വാട്ടർ കണക്ഷൻ മീറ്ററുകളും ഇവരിൽ നിന്നും കണ്ടെടുത്തു. തമിഴ്നാട് സ്വദേശികളായ ദുരൈ, വിഷ്ണു, മല്ലിക എന്നിവരാണ് പിടിയിലായത്. എന്നാൽ ഒപ്പമുണ്ടായിരുന്ന സത്രീകളിൽ ഒരാൾ രക്ഷപ്പെട്ടു.

മാസങ്ങളായി നഗരത്തിൽ പല ഭാഗത്തായി ഇവർ താമസിച്ചു വന്നിരുന്ന ഇവർ അവധി ദിവസങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളും കടകളും കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സംഘത്തിലെ മറ്റംഗങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.