എംസി റോഡിലൂടെ കാറില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന പൊലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

കൊട്ടാരക്കര: എംസി റോഡിലൂടെ കാറില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന പൊലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

കെഎല്‍ 11 എജെ 3796 നമ്പരുളള ഇന്നോവ കാര്‍. എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപം വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘത്തെ കണ്ട് നിര്‍ത്താതെ പോവുകയായിരുന്നു ഈ കാറിലുണ്ടായിരുന്നവര്‍. 

പൊലീസ് പിന്തുടര്‍ന്നതോടെ ഗോവിന്ദമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് വണ്ടിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്കായി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് പ്രത്യേക സജ്ജീകരിച്ച അറയില്‍ നിന്ന് നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. 

കോട്ടാത്തല സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാര്‍. ഉടമയെ ചോദ്യം ചെയ്ത് വാടകയ്ക്ക് കാര്‍ കൊണ്ടു പോയവരുടെ വിവരം ശേഖരിച്ചു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ കണ്ണില്‍ മുളക് സ്പ്രേ പ്രയോഗിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഘത്തെയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കു വേണ്ടിയുളള അന്വേഷണവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona