കണ്ണൂര്‍: കണ്ണൂരിലെ എസ്‍ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ച ഒരു ബൈക്ക് കൂടി പൊലീസ് കണ്ടെടുത്തു. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ , ഇവ‍ർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊലപാതകത്തിന് ശേഷം ചെണ്ടയാട് സ്വദേശി മിഥുൻ, മൊകേരി സ്വദേശി യാഥവ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് കണ്ടെത്തിയത്. ചെണ്ടയാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന്‍റെ പോർച്ചിൽ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. കേസിൽ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി അശ്വിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. എണ്ണ തീർന്നു പോയെന്ന് വീട്ടുകാരോട് പറഞ്ഞ് ബൈക്ക് ഒളിപ്പിച്ച ശേഷം പ്രതികൾ മുങ്ങുകയായിരുന്നു. 

പിന്നീട് ഇവർ വയനാട്ടിൽ ഒരു വീട്ടിൽ കുറേനാൾ ഒളിവിൽ കഴിഞ്ഞു. അവിടുന്ന ഒരാഴ്ച മുന്പ് കണ്ണൂരിലെത്തിയപ്പോഴായിരുന്നു പൊലീസിന്‍റെ പിടിയിലാകുന്നത്. ഇവർക്കൊപ്പം പിടിയിലായ അശ്വിൻ , രാഹുൽ എന്നിവരെ ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന വയനാട്ടിലും, വടക്കേ പൊയിലൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നേരത്തെ ഇവ‍ർ ഒളിവിൽ കഴിഞ്ഞിരുന്ന വയനാട്ടിലെ വീട് പൊലീസ് വളഞ്ഞെങ്കിലും കടന്നുകളഞ്ഞിരുന്നു. 

ഇതുവരെ 9 പ്രതികളാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടിനാണ് സഹോദരിമാർക്കൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന സലാഹുദ്ദീനെ വെട്ടിക്കൊന്നത്. എബിവിപി പ്രവ‍ർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. ഇതിന്‍റെ പ്രതികാര കൊലയാണ് സലാഹുദ്ദീന്‍റേത്.