കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയില്‍ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ഒന്‍പതാംക്ലാസുകാരിയെ ബൈക്കിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സോജന്‍, അഭിലാഷ്, ടോമി, നിരഞ്ജന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടി വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് യുവാക്കള്‍  തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. 

കേവളം, വര്‍ക്കല ബീച്ചുകളില്‍ കൊണ്ടുപോയാണ് യുവാക്കള്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ ശനിയാഴ്ച രാവിലെ രാവിലെ തുമ്പഭാഗത്തുള്ള റോഡില്‍ ഇറക്കിവിടുകയായിരുന്നു. 

പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി കെഎ വിദ്യാധരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.