എസെക്സ്: ബ്രിട്ടനിലെ എസെക്സിൽ കണ്ടെയ്നർ ട്രക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാലാമത്തെ അറസ്റ്റ്. വെള്ളിയാഴ്ചയാണ് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിൽ വച്ച് 48 കാരൻ അറസ്റ്റിലായത്. ഇയാൾ വടക്കൻ അയർലന്‍ഡ് സ്വദേശിയാണ്. സംഭവത്തിൽ ട്രക്ക് ‍ഡ്രൈവറായിരുന്ന 25 കാരൻ മോ റോബിൻസണ്‍ അന്നേ ദിവസം തന്നെ കസ്റ്റ‍ഡിയിലായിരുന്നു. പിന്നീട് വെള്ളിയാഴ്ച വാരിംഗ്ടണിൽ വച്ച് 38 വയസ്സുള്ള യുവാവും യുവതിയും കസ്റ്റഡിയിലായി. 

നേരത്തെ അറസ്റ്റിലായ ട്രക്ക് ഡ്രൈവറും വടക്കന്‍ അയർലന്‍ഡ് സ്വദേശിയാണ്. ട്രക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത് ബൾഗേറിയയിലാണ്. ബുധനാഴ്ച എസെക്സിൽ വച്ച് പോലീസ് പരിശോധനയിൽ കുടുങ്ങിയ ട്രക്കിൽ നിന്ന് 39 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 31 പുരുഷന്മാരുടെയും എട്ട് സ്ത്രീ കളുടെയും മൃതദേഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടും. അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം ചൈനീസ് സ്വദേശികളുടെതാണ് എന്നായിരുന്നു എസെക്സ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ വിയറ്റ്നാമിൽ നിന്നുള്ളവരുൾപ്പടെ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുതിയ നിഗമനം. നിലവിൽ അന്വേഷണം ഈ ദിശയിലാണ് പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. രാജ്യത്ത് നിയമപരമായോ അല്ലാതെയോ താമസിക്കുന്ന വ്യക്തികൾക്ക് സംഭവത്തെ പറ്റി വിവരങ്ങളറിയുമെങ്കിൽ സമീപിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇങ്ങനെ വിവരം കൈമാറുന്നവർ ഭയക്കേണ്ടന്നും പോലീസ് കൂട്ടിച്ചേർക്കുന്നു. ബല്‍ജിയത്തിലെ സോബ്രഗയില്‍ നിന്നാണ് കണ്ടെയ്ന‌ർ ലോറി ബ്രിട്ടനിലേക്ക് വന്നത്.