പാരീസ്: പാരീസിലെ ഒരു മുസ്ലീം പള്ളി അടച്ചുപൂട്ടിയതായി ഫ്രഞ്ച് ഭരണകൂടം. പാരീസിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. അധ്യാപകന്‍റെ കൊലപാതകവുമായി ബന്ധമുള്ള മുസ്ലീം വിഘടനവാദ കുടിയേറ്റ സംഘത്തിന് ഈ പള്ളിയുമായി ബന്ധമുണ്ടെന്നാണ് ഫ്രഞ്ച് ഭരണകൂടം പറയുന്നത്.

ഈ പള്ളിയുടെ പേരില്‍ അധ്യാപകന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ അധ്യാപകനെതിരെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്ലാസിലെ കുട്ടികള്‍ക്ക് പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പാരീസിലെ പാന്‍റിന്‍ എന്ന സ്ഥലത്തെ മുസ്ലീം പള്ളിയില്‍ 1500 പേര്‍ നിസ്കരിക്കാന്‍ എത്താറുണ്ട്. ഈ പള്ളിയാണ് ആറുമാസത്തേക്ക് പൂട്ടിയത് എന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ അറിയിച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് രാജ്യത്തിന്‍റെ ശത്രുക്കള്‍ക്കെതിരെ ഒരു നിമിഷം പോലും ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

അതേ സമയം ഫ്രാന്‍സില്‍ അധ്യാപകന്‍റെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഫ്രാന്‍സില്‍ വ്യാപകമായ റെയ്ഡ് നടക്കുന്നുണ്ട്. സംഭവത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിഡുകള്‍ എന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 40 സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇതില്‍ 50 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


അതേ സമയം ക്ലാസില്‍ പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെക്കൂടി പ്രതി ചേര്‍ത്തു എന്നാണ് വിവരം. അധ്യാപകനെതിരെ ഫത്വ ഇറക്കിയ രണ്ടുപേരെയാണ് അന്വേഷണ സംഘം പ്രതിചേര്‍ത്തത്. ഇവര്‍ ആക്രമണത്തിന് കാരണക്കാരായോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. 

ഇവര്‍ കൊലപാതകത്തിന് കാരണക്കാരാണെന്ന് നേരത്തെ  ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞിരുന്നു. അതേ സമയം സാമുല്‍ പാറ്റി പഠിപ്പിച്ച സ്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ അടക്കം 15 പേര്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. 

ഇതില്‍ വിദ്യാര്‍ത്ഥികള്‍ കൊലപാതകി സ്കൂളില്‍ അധ്യാപകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ അധ്യാപകനെ കാണിച്ചു കൊടുത്തവരാണ് എന്നാണ് ചില നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.