അമിത പലിശയീടാക്കി ആപ്പുകൾ വഴി എളുപ്പത്തില്‍ വായ്പ നല്‍കുന്ന 30 കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹൈദരാബാദ് പോലീസ് കണ്ടെത്തിയത്. ഈ കമ്പനികളുടെ ഉടമസ്ഥതയിലുള്ള 75 അക്കൗണ്ടുകൾ മരവിപ്പിച്ചു. 423 കോടി രൂപ ഈ അക്കൗണ്ടുകളിലുണ്ടായിരുന്നു.

ബെം​ഗളൂരു: മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളിലായി വ്യാപക അറസ്റ്റും പരിശോധനയും. തെലങ്കാനിയിലും ഡല്‍ഹിയിലുമായി 17 പേർ ഇതുവരെ അറസ്റ്റിലായി, കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. കർണാടകത്തില്‍ 3 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ദമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകളെ പറ്റി റിസർവ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമിത പലിശയീടാക്കി ആപ്പുകൾ വഴി എളുപ്പത്തില്‍ വായ്പ നല്‍കുന്ന 30 കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹൈദരാബാദ് പോലീസ് കണ്ടെത്തിയത്. ഈ കമ്പനികളുടെ ഉടമസ്ഥതയിലുള്ള 75 അക്കൗണ്ടുകൾ മരവിപ്പിച്ചു. 423 കോടി രൂപ ഈ അക്കൗണ്ടുകളിലുണ്ടായിരുന്നു. തെലങ്കാനയില്‍ മാത്രം ഇതുവരെ 12 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതേ കേസില്‍ ഡല്‍ഹി ഗുഡ്ഗാവില്‍വച്ചും 5 പേർ പിടിയിലായിട്ടുണ്ട്. പല കമ്പനികളുടെയും ആസ്ഥാനം ബെംഗളൂരുവാണെന്നാണ് നല്‍കിയിട്ടുള്ളത്. ഇതോടെ കർണാടകത്തിലും അന്വേഷണം തുടങ്ങി.

ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് 3 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. തട്ടിപ്പിനിരയായവർ ഉടന്‍ സൈബർ പോലീസില്‍ വിവരം അറിയിക്കണമെന്നും സിസിബി ജോയിന്‍റ് കമ്മീഷണർ അഭ്യർത്ഥിച്ചു. ആന്ധ്രപ്രദേശിലും ഇത്തരം ആപ്പുകൾക്കെതിര അന്വേഷണം തുടങ്ങി. തിരിച്ചടവു മുടക്കിയവരെ ഭീഷണിപ്പെടുത്തുന്നത് തടയാന്‍ പോലീസ് മാർഗനിർദേശവും പുറത്തിറക്കി.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ തിരിച്ചടവ് മുടങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഇത്തരം കമ്പനികൾ ദുരുപയോഗിക്കുന്നുണ്ടെന്നും ആർബിഐ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 35 ശതമാനംവരെ പലിശയീടാക്കിയാണ് ഇത്തരം ആപ്പുകൾ വായ്പ നല്‍കിയിരുന്നത്.

തെലങ്കാനയില്‍ ഇത്തരത്തില്‍ വായ്പയെടുത്ത 3 പേരാണ് കമ്പനി അധികൃതരുടെ പീ‍ഡനം സഹിക്കവയ്യാതെ ഇതുവരെ ആത്മഹത്യ ചെയ്തത്. വരും ദിവസങ്ങളിലും പരിശോധനയും അറസ്റ്റും തുടരും.