തിരുവനന്തപുരം: സിനിമാ താരവും ബിജെപി പ്രവര്‍ത്തകനുമായ കൊല്ലം തുളസിയുടെ പക്കല്‍ നിന്നും ആറു ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് പരാതിയില്‍ യുവമോര്‍ച്ച നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആറ് ലക്ഷം രൂപ നല്‍കി തിരിച്ച് നല്‍കിയില്ലെന്നും, നല്‍കിയ ചെക്ക് ബൗണ്‍സായെന്നും കാണിച്ച് കൊല്ലം തുളസി നല്‍കിയ പരാതിയിലാണ് നടപടി. കോടതി വാറണ്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രശോഭിനെ കോടതിയില്‍ ഹാജരാക്കി.  പ്രശോഭ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തിട്ടുണ്ട്. 

ആറ് ലക്ഷം കടമായി നല്‍കിയിട്ടും മാസങ്ങളായി തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണ് കൊല്ലം തുളസി പരാതിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.