കോഴിക്കോട്: കോഴിക്കോട് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ധനകാര്യ സ്ഥാപനം കോടികള്‍ തട്ടിയതായി പരാതി. മുങ്ങിയ സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 47 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടിഷ് നിധി ഫിനാന്‍സ് കമ്പനിക്കെതിരെയാണ് പരാതി.

പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിച്ചാണ് തട്ടിപ്പ്. ഇടപാടുകാരില്‍ പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങളാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ നിക്ഷേപകര്‍ക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. ജീവനക്കാരോട് പോലും കാര്യങ്ങളറിയിക്കാതെയാണ് സ്ഥാപന ഉടമ മുങ്ങിയത്.

ഫറൂഖ് പൊലീസ് സ്റ്റേഷനില്‍ 31ഉം, നല്ലളം സ്റ്റേഷനില്‍ 15 ഉം, നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപന ഉടമയായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ചേലക്കല്‍പറമ്പില്‍ അബ്‍ദുള്ളക്കുട്ടിക്കെതിരെ നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമെന്ന് ബോര്‍ഡില്‍ എഴുതിവച്ചാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ അത്തരമൊരു അംഗീകാരമില്ലെന്ന് പൊലീസ് പറയുന്നു. കോടിഷ് നിധിയുടെ മണ്ണൂര്‍ വളവ്, ചെറുവണ്ണൂര്‍, ഈസ്റ്റ്ഹില്‍ ശാഖകള്‍ പൊലീസ് പൂട്ടി സീല്‍ ചെയ്തു. ഉടമയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്. കൂടുതല്‍ പേര്‍ പരാതിയുമായി ഇപ്പോള്‍ സമീപിക്കുന്നുണ്ട്.