Asianet News MalayalamAsianet News Malayalam

ഓൺലൈൻ പരസ്യത്തിലൂടെ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പ്രമുഖ സെക്കന്‍റ് ഹാന്‍റ് ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയാണ് മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ഡ്രൈവര്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ കൈയില്‍ നിന്ന് പണം തട്ടിയത്. 

Fraud is rampant by offering jobs at the airport through online advertising
Author
Kerala, First Published May 10, 2021, 12:01 AM IST

കോഴിക്കോട്: വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പ്രമുഖ സെക്കന്‍റ് ഹാന്‍റ് ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയാണ് മോഹിപ്പിക്കുന്ന ശമ്പളം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ഡ്രൈവര്‍ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ കൈയില്‍ നിന്ന് പണം തട്ടിയത്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പേരിലാണ് തട്ടിപ്പ്.

വിമാനത്താവളത്തില്‍ ഡ്രൈവര്‍ ജോലിയുണ്ടെന്നായിരുന്നു പ്രമുഖ സെക്കന്‍റ് ഹാൻഡ് സാധന വില്‍പ്പന ഓണ്‍ലൈന്‍ വെബ് സൈറ്റിലെ പരസ്യം. ഉയര്‍ന്ന ശമ്പളമാണ് ഓഫര്‍. പേരാമ്പ്ര കല്‍പ്പത്തൂര്‍ കൂരന്‍തറമ്മല്‍ പ്രദീപ് കുമാര്‍ പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു. ഹിന്ദിയിലാണ് സംസാരം. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിലേക്കാണ് ഡ്രൈവറെ വേണ്ടതെന്ന് മറുതലക്കല്‍ നിന്ന് മറുപടി. സ്ഥിരം ജോലിയാണെന്നും അറിയിപ്പ്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജോലി.

തട്ടിപ്പുകാരന്‍ കൂടുതല്‍ വിശദാംശങ്ങൾ വാട്സ്ആപ്പില്‍ അയച്ചുകൊടുത്തു. ഒപ്പം അപേക്ഷകന്‍റെ ഡ്രൈവിംഗ് ലൈസന്‍സ്, ആധാർ കാര്‍ഡ് രേഖകള്‍ വാങ്ങുകയും ചെയ്തു. ഇനിയാണ് പണം തട്ടാനുള്ള വല മുറുക്കുന്നത്. ജോലി ശരിയായിരിക്കുന്നു എന്ന അറിയിപ്പെത്തി. ഹെവി ഡ്രൈവർ 39766 രൂപയാണ് ശമ്പളം. താങ്കളുടെ ആവശ്യപ്രകാരം നെടുമ്പാശേരിയില്‍ തന്നെ ജോലി ലഭിക്കുമെന്ന ഉറപ്പും അറിയിപ്പിലുണ്ട്. പക്ഷേ ഒരു പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നിയമനം ലഭിക്കൂ. ഇതിനായി 1550 രൂപ അടക്കണം. അക്കൗണ്ട് വിശദാശങ്ങളും പുറകേ വാട്സ് ആപ്പിലെത്തി. ജോബ് ട്രെയിനിംഗ് ലെറ്ററും.

ജോലി ലഭിക്കാനുള്ള ആവേശത്തില്‍ 1550 രൂപ ഫോണ്‍പേ ചെയ്ത് നല്‍കി. ഇത്തരത്തില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടുന്നതാണ് സംഘത്തിന്‍റെ രീതി. ഒരിക്കല്‍ കാശ് നല്‍കിയാല്‍ മറ്റൊരു കാരണം പറഞ്ഞ് കാശ് വീണ്ടു തട്ടും. വീണ്ടും വീണ്ടും കാശ് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് തട്ടിപ്പാണിതെന്ന് പലര്‍ക്കും മനസിലാവുക.

ഡ്രൈവര്‍ ജോലിക്ക് വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാല്‍ മതിയെന്നും പറഞ്ഞാണ് ആളുകളെ വലയിലാക്കുന്നത്. ഗ്രൗണ്ട് സ്റ്റാഫ്, ലഗേജ് ചെക്കര്‍, ഗ്രൗണ്ട് സൂപ്പര്‍വൈസര്‍, ഗ്രൗണ്ട് ഓഫീസര്‍ തുടങ്ങിയ ജോലികളും തട്ടിപ്പ് സംഘം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഓണ്‍ലൈൻ വഴി വ്യാപക പരസ്യം നല്‍കി ഓണ്‍ലൈന്‍ വഴി തന്നെ പണം തട്ടിയെടുക്കുന്നതാണ് രീതി. ഇതിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണെന്നാണ് പൊലീസ് നിഗമനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios