പരീസ്: ഫ്രാന്‍സില്‍ അധ്യാപകന്‍റെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഫ്രാന്‍സില്‍ വ്യാപകമായ റെയ്ഡ്. സംഭവത്തിന് കാരണമായ ഇസ്ലാമിക തീവ്രവാദ ശൃംഖലയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയിഡുകള്‍ എന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 40 സ്ഥലങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇതില്‍ 50 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേ സമയം ക്ലാസില്‍ പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെക്കൂടി പ്രതി ചേര്‍ത്തു എന്നാണ് വിവരം. അധ്യാപകനെതിരെ ഫത്വ ഇറക്കിയ രണ്ടുപേരെയാണ് അന്വേഷണ സംഘം പ്രതിചേര്‍ത്തത്. ഇവര്‍ ആക്രമണത്തിന് കാരണക്കാരായോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. ഇവര്‍ കൊലപാതകത്തിന് കാരണക്കാരാണെന്ന് നേരത്തെ  ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞിരുന്നു.

അതേ സമയം സാമുല്‍ പാറ്റി പഠിപ്പിച്ച സ്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ അടക്കം 15 പേര്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ കൊലപാതകി സ്കൂളില്‍ അധ്യാപകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ അധ്യാപകനെ കാണിച്ചു കൊടുത്തവരാണ് എന്നാണ് ചില നിയമ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം സാമുവല്‍ പാറ്റിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍ ഒത്തുചേര്‍ന്ന പ്രതിഷേധങ്ങള്‍ ഫ്രാന്‍സില്‍ നടക്കുകയാണ്. 'ഞാനാണ് സാമുവല്‍' എന്ന പേരിലുള്ള ഈ കൂടിച്ചേരലുകള്‍ സോഷ്യല്‍ മീഡിയ ആഹ്വാനങ്ങളിലൂടെയാണ് ഉണ്ടാകുന്നത്. അതേ സമയം ഫ്രാന്‍സിനെതിരെയുള്ള ഒരു നീക്കവും ഒരു നിമിഷം പോലും ക്ഷമിക്കാന്‍ സാധിക്കില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

മൂന്ന് ദിവസം മുന്‍പാണ് ഫ്രഞ്ച് തലസ്ഥാനം പരീസില്‍ നിന്നും 25 മൈല്‍ ആകലെ സെയ്ന്‍റി ഹോണറോയിന്‍ ചരിത്ര അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത്. ലോകമെങ്ങും ഞെട്ടലോടെയാണ് ഈ വാര്‍ത്ത അറിഞ്ഞത്. അബ്ദുള്ളാഹ് അന്‍സ്റോവ് എന്ന  മോസ്കോയില്‍ ജനിച്ച ചെചെയ്നിയന്‍ വംശജനാണ് കൊലപാതകി ഇയാള്‍ക്ക് 18 വയസാണ്. ഇയാളെ സംഭവ സ്ഥലത്ത് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി.