ഡയറിക്ക് പുറമെ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍, സെക്സ് ടോയ്സ് തുടങ്ങിയവയും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി

പാരിസ്: നാല് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഫ്രഞ്ച് സര്‍ജനെതിരെ അന്വേഷണത്തിനൊടുവില്‍ ചാര്‍ജ് ചെയ്തത് 250 ലൈംഗിക പീഡന കേസുകള്‍. ഫ്രാന്‍സിലെ തന്നെ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനക്കേസിന്‍റെ അന്വേഷണത്തിനൊടുവിലാണ് കൂടതല്‍ പേര്‍ ഇരയായതായി കണ്ടെത്തിയത്. 

അയല്‍വാസിയുടെ പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസില്‍ 68കാരനായ ജോയല്‍ ലെ സ്കോറനെക് മാര്‍ച്ച് മുതല്‍ വിചാരണ നേരിടുകയാണ്. ഇയാള്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ജോലി ചെയ്തിരുന്ന സെന്‍ട്രല്‍ ഫ്രാന്‍സിലെയും വെസ്റ്റേണ്‍ ഫ്രാന്‍സിലെയും ആശുപത്രികളിലെല്ലാം അന്വേഷണം നടത്തി. 

2017ലാണ് ഇയാള്‍ക്കെതിരായി ബലാത്സംഗ പരാതി ഉയര്‍ന്നത്. ജൊന്‍സാകിലെ സൗത്ത് വെസ്റ്റേണ്‍ ടൗണില്‍ ജോയലിന്‍റെ വീടിന് സമീപത്തുതാമസിച്ചിരുന്ന ആറ് വയസ്സുകാരിയുടെ മാതാപിതാക്കളാണ് മകളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഡോക്ടര്‍ക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ മറ്റ് മൂന്ന് കേസുകള്‍ കൂടി നിലവിലുണ്ടായിരുന്നു. ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ഒരു രോഗിയെ അപമാനിച്ചതായുമാണ് കേസുകള്‍. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥരെ സഹായിച്ചത് ജോയലിന്‍റെ ഡയറിയാണ്. ലൈംഗികാനുഭവങ്ങള്‍ ഇയാള്‍ ഈ ഡയറിയില്‍ കുറിച്ചുവച്ചിരുന്നു. ഇയാള്‍ ലൈംഗികമായി ഉപയോഗിച്ച കുട്ടികളുടെ പേരുകളും വിവരങ്ങളും ഡയറിയില്‍ കുറിച്ചുവച്ചിരുന്നു. ഡയറിയില്‍ കുട്ടികളുടെ പേരുകള്‍ കുറിച്ചുവച്ചത് പൊലീസിന് ഇവരെ കണ്ടെത്താന്‍ സഹായകമായി. 

''250 കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നതായാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. ഇതില്‍ 209 പേരെ പൊലീസ് ചോദ്യം ചെയ്തു. പലര്‍ക്കും ആ ദുരനുഭവത്തിന്‍റെ കൃത്യമായ ഓര്‍മ്മകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്താണ് അന്ന് നടന്നതെന്ന് മിക്കവര്‍ക്കും ധാരണയുണ്ട്. എന്നാല്‍ ഭയം കാരണം ആരും പുറത്തുപറഞ്ഞില്ലെന്നും പീഡിപ്പിക്കപ്പെട്ടവരിലൊരാളുടെ അഭിഭാഷകന്‍ പറഞ്ഞു. 

ഡയറിക്ക് പുറമെ കുട്ടികളുടെ ലൈംഗിക വീഡിയോകള്‍, സെക്സ് ടോയ്സ് തുടങ്ങിയവയും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ കൈവശം വച്ചതിന് 2005 ല്‍ ഇയാള്‍ നാല് മാസം തടവുശിക്ഷ അനുഭവിച്ചിരുന്നു. ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.