മുംബൈ: റോഡിൽ ഉന്തുവണ്ടി നിർത്തിയിട്ടതിനെച്ചൊല്ലിയുള്ള യുവാക്കളുടെ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ റോഡിൽ ഉന്തുവണ്ടി നിർത്തിയിട്ടെന്നാരോപിച്ച് സൊമാറ്റോ ഡെലിവറി ബോയിയും പഴക്കച്ചവടക്കാരും തമ്മിലാണ് തർക്കത്തിലായത്. ഏറെ നേരത്തെ വാ​ഗ്വാദ‌ത്തിനൊടുവിൽ പഴക്കച്ചവടക്കാരനായ ഇരുപതുകാരൻ സൊമാറ്റോ ഡെലിവറി ബോയിയെ അതിക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ പവായിൽ ബുധനാഴ്ച ഉച്ഛയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ഹോട്ടലിൽ ഓർഡർ എടുക്കാൻ വന്നപ്പോഴായിരുന്നു സൊമാറ്റോ ഡെലിവറി ബോയിയായ അമുൽ ഭാസ്ക്കർ സുരാത്കർ (30) റോഡിൽ യാത്രയ്ക്ക് തടസ്സമാകുന്ന തരത്തിൽ ഉന്തുവണ്ടി നിർത്തിയിട്ടത് ശ്രദ്ധിക്കുന്നത്. തുടർന്ന് വണ്ടി മാറ്റി നിർത്തിയിടാൻ പഴക്കച്ചവടക്കാരനായ സച്ചിൻ ദിനേശ് സിം​ഗിനോട് അമുൽ ആവശ്യപ്പെട്ടു. ഹോട്ടലിന് മുന്നിൽ വണ്ടി പോകുന്നതിനുള്ള വഴി മുടക്കിയാണ് ഉന്തുവണ്ടി നിർത്തിയിട്ടിരിക്കുന്നതെന്നും എടുത്തുമാറ്റണമെന്നും അമുൽ ആവശ്യപ്പെട്ടെങ്കിലും സച്ചിൻ വിസമ്മതിക്കുകയായിരുന്നു.

തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലായി. തർക്കം മൂത്തതോടെ സച്ചിൻ ഉന്തുവണ്ടിയില്‍ കുരിതിയിരുന്ന കത്തി ഉപയോ​ഗിച്ച് അമുലിനെ കുത്തി പരിക്കേൽപ്പിച്ചു. നെഞ്ചിലും വയറ്റിലും സാരമായി പരിക്കേറ്റ അമുലിനെ പ്രദേശത്തുള്ളവർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ കേസെടുത്ത പൊലീസ് സച്ചിനും സഹായിക്കുമായി തെരച്ചിൽ ഊർജ്ജിതമാക്കി.

കുർല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സച്ചിനെ പൊലീസ് പിടികൂടിയത്. ജൻമനാടായ ഉത്തർപ്രദേശിലേക്ക് കടക്കുന്നതിനായി ട്രെയിൻ കയറാൻ സ്റ്റേഷനിൽ എത്തിതായിരുന്നു പ്രതി. ഇയാൾക്കൊപ്പം സുഹൃത്ത് ജിതേന്ദ്ര ഹരിറാം റായ്ക്കറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി അങ്കിത് ​ഗോയൽ പറഞ്ഞു.