കേസില്‍ രണ്ടാം പ്രതിയായ അന്‍വർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസില്‍ രണ്ടാം പ്രതിയായ അന്‍വർ തസ്നീമിന് അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമയിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കരിപ്പൂർ സ്വർണകടത്ത് കേസിനാസ്പദമായ അപകടം നടന്ന സമയത്ത് ഇയാൾ വിമാനത്താവളത്തിലുണ്ടായിരുന്നെന്നും സൂചനയുണ്ട്.

തസ്നീമിന്‍റെ ഫോൺകോൾ രേഖകളടക്കം പരിശോധിക്കാനാണ് തീരുമാനം. പ്രതികൾക്ക് എംഡിഎംഎ നല്‍കിയ തമിഴ്നാട് സ്വദേശിയെ പിടികൂടാനായി ചെന്നൈയിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ ) മൂന്ന് യുവാക്കളാണ് ഇന്നലെ പിടിയിലായത്.

എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നീം (30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44 ഗ്രാം എംഡിഎംഎയുമായി ചേവായൂർ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടിയത്. ഇതിൽ അൻവർ കുവൈത്തില്‍ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്.

അൻവർ തസ്നീമിന്‍റെ കൂടെ കുവൈത്ത് ജയിലിൽ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ലഹരിമരുന്ന് വാങ്ങി കേരളത്തിൽ എത്തിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. നൗഫൽ ഗൾഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona