തിരുവനന്തപുരം: തിരുവനന്തപുരം കീഴാറ്റിങ്ങലിലെ സഹകരണ ബാങ്കിൽ കവർച്ച നടത്താൻ ശ്രമിച്ച സംഘം പൊലീസ് പിടിയിൽ. പിടികിട്ടാപ്പുള്ളി അടക്കം വലിയ സംഘമാണ് കവർച്ച ആസൂത്രണം ചെയ്തത്.

ആറ്റിങ്ങൽ സ്വദേശികളായ അനിൽ, കൊട്ടിയം സ്വദേശിയായ സിജോൺ, നിസാം, അനൂപ്, വിമൽ എന്നിവരെയാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെ അറസ്റ്റിലായത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്കിന്‍റെ ഷട്ടർ മുറിച്ചു മാറ്റി കവർച്ച നടത്താനായിരുന്നു സംഘത്തിന്‍റെ പദ്ധതി. ചാത്തന്നൂരിലെ ഒരു കോളേജ് കുത്തിത്തുറന്ന് പണം ഉപയോഗിച്ചാണ് കോയമ്പത്തൂരിൽനിന്ന് ഇവർ ഗ്യാസ് കട്ടർ വാങ്ങിയത്. ഒന്നാം പ്രതിയായ അനിൽ വെൽഡറായ കൊട്ടിയം സ്വദേശി സിജോണുമായി ബന്ധപ്പെട്ടായിരുന്നു ആസൂത്രണം.

എന്നാൽ, കട്ടർ ഉപയോഗിച്ച് ഷട്ടർ മുറിക്കുന്നതിനിടെ ഗ്യാസ് തീർന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. ഒന്നാം പ്രതി അനിൽ ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി കെ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്
മോഷണം നടന്ന് 24 മണിക്കൂറിനകം മുഴുവൻ പ്രതികളെയും പിടികൂടിയത്.