Asianet News MalayalamAsianet News Malayalam

കൂട്ട ബലാത്സംഗം, കേസെടുക്കാന്‍ കൈക്കൂലി വാങ്ങി പൊലീസ്; നീതി ലഭിക്കാതെ യുവതി ജീവനൊടുക്കി

നീതിക്ക് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നും വീഡിയോയില്‍ ഭര്‍ത്താവ് പറയുന്നു. പൊലീസ് കേസെടുക്കാത്തത് കൊണ്ടാണ് തന്‍റെ ഭാര്യ ആത്മഹത്യ ചെയ്തത്. എന്ത് കേസ് എന്ന് ചോദിച്ച് തങ്ങളെ അവര്‍ ആട്ടിപ്പായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു

gang raped dalit women killed herself in madya pradesh
Author
Bhopal, First Published Oct 3, 2020, 7:21 PM IST

ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഹാത്റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ മധ്യപ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. കൊടും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നതിന് പിന്നാലെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പൊലീസില്‍ നിന്നുണ്ടായ ദുരനുഭവും സഹിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞു.

മധ്യപ്രദേശിലെ നാര്‍സിംഗ്പുരിലാണ് ദളിത് യുവതി ആത്മഹത്യ ചെയ്തത്. പരാതി നല്‍കിയിട്ട് നാല് ദിവസമായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയാറായില്ലെന്നും യുവതിയുടെ ഭര്‍ത്താവിനെ ലോക്കപ്പിലിട്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവങ്ങള്‍ വീഡിയോയിലൂടെ ഭര്‍ത്താവ് വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങള്‍ പുറത്ത് വന്നത്.

നീതിക്ക് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നും വീഡിയോയില്‍ ഭര്‍ത്താവ് പറയുന്നു. പൊലീസ് കേസെടുക്കാത്തത് കൊണ്ടാണ് തന്‍റെ ഭാര്യ ആത്മഹത്യ ചെയ്തത്. 'എന്ത് കേസ്' എന്ന് ചോദിച്ച് തങ്ങളെ അവര്‍ ആട്ടിപ്പായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വീഡിയോ പുറത്ത് വന്നതോടെ വലിയ വിവാദമായി മാറി.

ഇതോടെ ലോക്കല്‍ പൊലീസ് ഔട്ട്പോസ്റ്റിന്‍റെ ചുമതലയുണ്ടായിരുന്ന എഎസ്ഐ മിഷ്റിലാല്‍ കടോക്കയെ അറസ്റ്റ് ചെയ്യാനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ ഉത്തരവിട്ടു. മിഷ്റിലാലിനെ അറസ്റ്റ് ചെയ്തത് സ്ഥിരീകരിച്ച എസ്പി അജയ് സിംഗ് കൈക്കൂലി ആരോപണവും അന്വേഷിക്കുമെന്നും വ്യക്തമാക്കി. അഡീഷണല്‍ എസ്പി രാജേഷ് തിവാരിയെയും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഗദര്‍വാര സീതാറാമിനെയും ഡ്യൂട്ടിയില്‍ നിന്ന് നീക്കിയിട്ടുണ്ട്.

നമ്മുടെ സഹോദരികള്‍ക്കെതിരെയും അമ്മമാര്‍ക്കെതിരെയുമുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ഹാത്റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിലുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുകയാണ്. യുവതി കൊലപ്പെട്ട സംഭവം കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്ത‍ർപ്രദേശ് പൊലീസ് മേധാവി സമ്മതിച്ചു. കേസ് കൈകാര്യം ചെയ്തതിൽ ഹത്റാസിലെ പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഉത്ത‍ർ പ്രദേശ് ഡിജിപി പറഞ്ഞു. 

ഹൈക്കോടതിയുടെ നിലപാട് കൂടി പരിഗണിച്ചാണ് വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്തതെന്നും യു.പി ഡിജിപി എച്ച്.സി.അവസ്തി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്തിമ റിപ്പോർട്ട് നാളെ കിട്ടുമെന്നും റിപ്പോ‍ർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊലപ്പെട്ട പെൺകുട്ടിയുടെ പിതാവുമായി യുപി അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ച‍ർച്ചകൾക്ക് ശേഷമാണ് എച്ച്.സി.അവസ്തി സംസാരിച്ചത്. 

Follow Us:
Download App:
  • android
  • ios