തൃശൂർ: കൊരട്ടി ദേശീയപാതയിൽ അരി ലോറിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ആലപ്പുഴ സ്വദേശി അനീഷ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് പിടിയിലായത്. 

തൃശ്ശൂരിൽ നിന്നു എറണാകുളത്തേക്ക് പോകുന്ന ലോറികളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. അരിച്ചാക്കുകൾക്കിടയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.

ആന്ധയിൽ നിന്നാണ് കഞ്ചാവെത്തിച്ചതെന്നും മധ്യ കേരളത്തിലെ വിവിധയിടങ്ങളിൽ വിൽപന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. വിപണിയിൽ 10 ലക്ഷത്തോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.