ഗാസിയാബാദ്: യുവതിയോട് അപമര്യാദയായി ചാറ്റിംഗ് ആപ്പായ ടെലഗ്രാമില്‍ പെരുമാറിയ വ്യക്തിയെ കണ്ടെത്തിയ പൊലീസ് ഞെട്ടി. ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ കഴിഞ്ഞ മെയ് 22ന് എടുത്ത ഒരു കേസ് സംബന്ധിച്ചാണ് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിലെ വാദി 21 വയസുള്ള പെണ്‍കുട്ടിയാണ്, ഈ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തിയത് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയേയും.

ടെലഗ്രാമിലെ ഒരു ഗ്രൂപ്പിൽ സജീവ അംഗങ്ങളായിരുന്നു പെണ്‍കുട്ടിയും, പ്രതിയായ വിദ്യാര്‍ത്ഥി ഉപയോഗിച്ച നമ്പറും. പിന്നീട് യുവതിക്ക് വിദ്യാര്‍ത്ഥി ഉപയോഗിച്ച നമ്പറില്‍ നിന്നും നിരന്തരം സന്ദേശം ലഭിച്ചു. പഠനത്തെക്കുറിച്ചായിരുന്നു ആദ്യഘട്ടത്തിലെ സന്ദേശങ്ങള്‍. സമപ്രായക്കാരനാണെന്ന് കരുതിയ  യുവതി അതിന് മറുപടി നൽകി. പിന്നീട് മെല്ലെ ചാറ്റിംഗിന്‍റെ സ്വഭാവം മാറിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതി പറയുന്നു. യുവതിയുടെ ഫേസ്ബുക്കിൽ നിന്നും മറ്റും പടമെടുത്ത് മോർഫ് ചെയ്ത രീതിയില്‍ യുവതിക്ക് ഈ നമ്പറില്‍ നിന്നും സന്ദേശം ലഭിക്കാന്‍ തുടങ്ങി.

ഞാനുമായി സെക്സ് ചാറ്റിംഗ് നടത്തണം. അല്ലെങ്കിൽ പണം തരണം തുടങ്ങിയ വിരട്ടലുകളായിരുന്നു പിന്നീട്. ഇതിന് തയ്യാറായില്ലെങ്കില്‍ മോര്‍ഫ് ചെയ്ത പടം ഞാൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. ഭീഷണി അസഹ്യമായതോടെ യുവതി സംഭവം മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറ‌ഞ്ഞു..

തുടർന്ന് മാതാപിതാക്കൾക്കൊപ്പം എത്തി യുവതി പൊലീസിൽ പരാതി നൽകി. ആൺകുട്ടി അയച്ച സന്ദേശങ്ങളുടെ 18 സ്‌ക്രീൻ ഷോട്ടുകൾ പരാതിക്കൊപ്പം യുവതി ഹാജരാക്കി. കവിനഗര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി മെയ് 17 ഓടെ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഫോണ്‍ ഉപയോഗിക്കുന്ന ആറാം ക്ലാസുകാരനെ കണ്ടെത്തിയത്. 

വിവരങ്ങള്‍ മറച്ചുവച്ച് കുറ്റകൃത്യ മനോഭവത്തോടെ പെരുമാറല്‍, വധഭീഷണി എന്നിവ അടങ്ങുന്ന ഐപിസി 507, ഐപിസി 386 വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ എന്നാണ് കവിനഗര്‍ പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫീസര്‍ മുഹമ്മദ് അസ്ലാം പറയുന്നത്.

എന്നാല്‍ പൊലീസ് കണ്ടെത്തിയ 12 വയസുകാരന്‍ സംഭവം നിഷേധിച്ചു. ആരോ ഫോൺ ഹാക്ക് ചെയ്തതാണെന്നും മെസേജുകളെപ്പറ്റി അറിയില്ലെന്നുമാണ് ആറാം ക്ലാസുകാരൻ പറയുന്നത്. ആരോപണം കുട്ടിയുടെ മാതാപിതാക്കൾ തള്ളിക്കളഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 12 വയസുകാരന്‍റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയും, ഐപി അഡ്രസ് അധിഷ്ഠിത അന്വേഷണവും പുരോഗമിക്കുന്നതായി പൊലീസ് പറയുന്നു.