കോഴിക്കോട്: പയ്യോളിയില്‍ പതിനാറുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കുട്ടിയുടെ പരാതിയില്‍ പയ്യോളി പൊലീസ് രണ്ടാനമ്മക്കെതിരെ കേസെടുത്തു. പയ്യോളി പാലച്ചുവടില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.  

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ചികിത്സക്ക്  ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്. കൈത്തണ്ടയില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ട്. സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ രണ്ടാനമ്മ പീഡിപ്പിച്ചെന്ന് കഴിഞ്ഞ 22 ന് കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതയായാണ് രണ്ടാനമ്മ പൊള്ളിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.

പൊള്ളിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവരുടെ പിതാവിന്‍റെ ഉമ്മയെ മര്‍ദ്ദിച്ചതായും പൊലീസിന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. രണ്ടാനമ്മക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്‍തതായി പയ്യോളി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം തുടങ്ങിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.