ബറേലി(ഉത്തര്‍പ്രദേശ്): ഭക്ഷണത്തില്‍ വിഷം കലര്‍ത്തി വീട്ടുകാരെ മയക്കിക്കിടത്തി 16കാരി കാമുകനൊപ്പം ഒളിച്ചോടി. വിഷം കഴിച്ച് അബോധാവസ്ഥയിലായ ഏഴുപേരെ ആശുപത്രിയിലെത്തിച്ചു. മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെയും യുവാവിനെയും പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാര്‍, രണ്ട് സഹോദരന്മാര്‍, സഹോദര ഭാര്യ, സഹോദരന്‍റെ മകന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ സഹോദര ഭാര്യയുടെയും കുട്ടിയുടെയും നില ഗുരുതരമാണ്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്‍റെ കൂടെയാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയുമായി വീണ്ടും അടുത്തത്. ഇവരുടെ ബന്ധത്തെ വീടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അരവിന്ദ് കുമാര്‍ എന്ന യുവാവിനെതിരെ പൊലീസ് വിവിധ വകുപ്പുകള്‍ ചുമത്തി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും രേഖകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 2018 ഡിസംബറിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന്‍റെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച് അടുപ്പത്തിലായി. ബന്ധത്തെ എതിര്‍ത്ത സഹോദരനെ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.