ഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച പിതാവിനെ പതിനാറുകാരിയായ മകള്‍ അടിച്ച് കൊലപ്പെടുത്തി. ഭോപ്പാല്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ ശേഷം അമ്മയെ ആക്രമിക്കുന്നത് കണ്ട് സ്വന്തം പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ വിവരം പെണ്‍കുട്ടി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറയുകയായിരുന്നു. 

പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നു.  മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് ഇയാളുടെ  പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലിക്കൊന്നും പോവാതിരുന്ന ഇയാള്‍ മൂത്ത മകന്‍റെ വരുമാനം കൊണ്ടാണ് ജീവിച്ച് പോയിരുന്നത്. പതിവ് പോലെ ബുധനാഴ്ച വൈകിട്ടും ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. 

മകന്‍റെ വിവാഹക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു വഴക്ക്. വഴക്കിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഭാര്യയെ മര്‍ദ്ദിച്ചു. ഇത് കണ്ട് മകള്‍ അച്ഛനെ അടിച്ച് വീഴ്ത്തി. തലയ്ക്ക് മാരകമായി പരിക്കേറ്റ 45 കാരനായ പിതാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.

പിതാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിവരം വിളിച്ച് പറഞ്ഞത്.  താന്‍ അച്ഛനെ കൊലപ്പെടുത്തി, അറസ്റ്റിനായി കാത്തിരിക്കുന്നു എന്നാണ് കുട്ടി സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ക്ക് ശേഷം പെണ്‍കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.