ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാസി പട്ടണത്തിനടുത്തുള്ള കൊങ്കളപുരം ഗ്രാമത്തിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അസമിൽ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മലമൂത്ര വിസർജ്ജനത്തിനായി പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. പിറ്റേന്ന് പെൺകുട്ടിയുടെ മൃതദേഹം അരക്കിലോമീറ്റർ അകലെയുള്ള മുൾപ്പടർപ്പ് നിറഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ചെറുകിട വ്യവസായ യൂണിറ്റിലെ തൊഴിലാളിയായ അസം സ്വദേശി മജീദ് അലിയെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. 

വ്യാവസായിക യൂണിറ്റിൽ ജോലി ചെയ്തിരുന്ന മജീദ് അലി ഉൾപ്പെടെയുള്ള ആറ് തൊഴിലാളികളെ കുറ്റകൃത്യവുമായി ബന്ധപ്പട്ട് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ  മജിദ് അലി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നിരന്തരമായി ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊന്നത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. കൊലപാതകത്തിന് ശേഷം കുറ്റിക്കാട്ടിനുളളിൽ മൃതദേഹം ഒളിപ്പിച്ചു. അവിടെ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. അന്വേഷണ ഉദ്യോ​​ഗസ്ഥൻ വെളിപ്പെടുത്തുന്നു. കൂട്ടബലാത്സം​ഗമാണെന്ന് ആദ്യം സംശയിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.  

മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി എല്ലാ ദിവസവും സ്കൂളിൽ നിന്ന് തിരിച്ചുവന്നതിന് ശേഷം അച്ഛന്റെ ജോലിസ്ഥലത്ത് പോകാറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരവും കുട്ടി അവിടെ എത്തിയിരുന്നു. മലമൂത്രവിസർജ്ജനത്തിന് പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ കുട്ടിയെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷവും കുട്ടിയെ കാണാതായപ്പോൾ അച്ഛനും മറ്റുള്ളവരും അന്വേഷിച്ചു. കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രദേശത്ത് വൻപ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രതിയെ വെള്ളിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.