ജന്മദിനത്തില്‍ 19 കാരിയെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. മുംബൈയിലെ ചെമ്പൂരിലാണ് സംഭവം നടന്നത്. ആക്രമണത്തിനെതിരെ മുംബൈ പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. ജൂലൈ ഏഴിന് തന്‍റെ പിറന്നാള്‍ ആഘോഷത്തിനുശേഷം  സുഹ‍ൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. തന്റെ വീട്ടിലേക്കുള്ള യാത്രയില്‍ നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

ദിവസങ്ങളോളം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. കരച്ചില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ശാരീരിക മാനസികാവസ്ഥ മോശമാകുന്നതുകണ്ട ബന്ധുക്കള്‍ പെണ്‍കുട്ടിയെ ഔറംഗാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഡോക്ടറാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് തുറന്നുപറഞ്ഞു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അജ്ഞാതരായ മൂന്ന് പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376 ഡി, 34 എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.