അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ദിരാ​ന​ഗറിലെ കടയിൽ ഇടപാടുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. ഇയാൾ എത്തിയ സമയത്ത് യുവതി തനിച്ചാണ് കടയിലുണ്ടായിരുന്നത്.

ബെം​ഗളൂരു: ബെം​ഗളൂരു ഇന്ദിരാന​ഗറിൽ യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ചശ്രമം. കടയിൽ അതിക്രമിച്ച് കയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ച്, കാലുകൾ തുണി ഉപയോ​ഗിച്ച് ബന്ധിച്ചായിരുന്നു കവർച്ച ശ്രമം. നാട്ടുകാർ ഇടപെട്ടതോടെ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ദിരാ​ന​ഗറിലെ കടയിൽ ഇടപാടുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. ഇയാൾ എത്തിയ സമയത്ത് യുവതി തനിച്ചാണ് കടയിലുണ്ടായിരുന്നത്.

യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കടയുടമ തത്സമയം സിസിടിവിയിലൂടെ കാണുന്നുണ്ടായിരുന്നു. ഉടമ അപ്പോൾത്തന്നെ തൊട്ടടത്തുള്ള കടയുടമയെ വിവരമറിയിച്ചു. അയാളെത്തി യുവതിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ യുവതിയെ മേശയ്ക്ക് അടിയിൽ ഒളിപ്പിച്ചു നിർത്തി. പിന്നീട് അക്രമി യുവതിയുടെ കഴുത്തിൽ കത്തി വെച്ച് പുറത്തിറങ്ങി. ഓട്ടോയിൽ കയറി രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിനിടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരിലൊരാൾ ഇയാളെ പിന്നിൽ നിന്ന് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചു. യുവതിക്ക് മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.