ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പതിനഞ്ച് കാരിയുടെ ആത്മഹത്യാശ്രമം. താമരശ്ശേരി സ്വദേശി സജിത്തിനാണ് പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പെൺകുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആളുകളെ ഞെട്ടിച്ച സംഭവം നടന്നത്. സ്വകാര്യ ബസ്സിലെ ക്ലീനറാണ് യുവാവ്. ട്രിപ്പ് കഴിഞ്ഞെത്തിയ ബസില്‍ നിന്ന് വിളിച്ചറിക്കിയാണ് പെൺകുട്ടി അതിക്രമം കാണിച്ചതെന്ന് സജിത്ത് പറഞ്ഞു. യുവാവിനെ ആക്രമിച്ചതിന് ശേഷം കയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് പെൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാരും ഹോം ഗാർഡും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

കൈത്തണ്ടയിൽ മുറിവേറ്റ സജിത്തിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇയാളുടെ പരിക്ക് ഗുരുതരമല്ല. യുവാവിന്‍റെ അകന്ന ബന്ധത്തിലുളളതാണ് പെൺകുട്ടിയെന്നും നേരത്തെ ഇവർ തമ്മിൽ സൗഹൃത്തിലായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതനുസരിച്ച് ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൈത്തണ്ടയിൽ പരിക്കേറ്റ പെൺകുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലേക്ക് മാറ്റി. മാനസികാസ്വസ്ഥ്യത്തെ തുടർന്ന് ആറുമാസത്തോളമായി പെൺകുട്ടി ചികിത്സയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.