നിലമ്പൂർ: സ്വർണ വെള്ളരി തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കബളിപ്പിച്ചെടുത്ത സംഘത്തിലെ മൂന്ന് പേർ വഴിക്കടവ് പൊലീസിന്റെ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് കൂനൻ വീട്ടിൽ ഹമീദ് (55), കൊണ്ടോട്ടി ചുങ്കം പുളിക്കത്തൊടി അൻവർ (31), മേലാറ്റൂർ നെന്മിനി പിലാക്കൽ സുബ്രഹ്മണ്യൻ (58) എന്നിവരാണ് അറസ്റ്റിലായത്.  

മണ്ണാർക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ ഫോണിൽ വിളിച്ച് പരിചയക്കാരനായ ഗൂഡല്ലൂർക്കാരൻ അപ്പു എന്ന ആദിവാസി വൃദ്ധന് തോട്ടത്തിൽ കിളച്ചപ്പോൾ സ്വർണ നിധി കിട്ടിയെന്നും അതിൽ ഒരു പങ്ക് താങ്കളുടെ സ്ഥാപനത്തിന് സൗജന്യമായി നൽകാമെന്നും പറഞ്ഞു. ബാക്കിയുള്ള സ്വർണക്കട്ടിക്ക് പണം നൽകണമെന്നും  പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. 
തുടർന്ന് മലപ്പുറത്തേക്ക് വിളിച്ച് വരുത്തി മണ്ണാർക്കാട് സ്വദേശിയും സഹായിയും സാധനം നേരിൽ കാണുകയും നിധിയിൽ നിന്നും കൊത്തിയെടുത്തെതെന്ന് സംശയിക്കുന്ന ഒരു കഷ്ണം  പരിശോധനക്കായി ഇടപാടുകാർക്ക് നൽകുകയും ചെയ്തു.
സ്വർണപ്പണിക്കാരനെ കാണിച്ച് പരിശോധിച്ചതിൽ ഒറിജിനൽ ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പിന്നീട് കാണാമെന്ന് പറഞ്ഞ്  വഴിക്കടവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

ആനമറിയിൽ വെച്ച് നിധി കൈമാറുകയും ഇയാളുടെ പക്കൽ നിന്ന് 6.5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പരാതിക്കാരൻ നിധി വിൽപനക്കായി സ്വർണ വ്യാപാരിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.  ഒരു തരി പോലും സ്വർണത്തിന്റെ അംശമില്ലാത്ത ലോഹക്കൂട്ടാണിതെന്ന് ഇവർ തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.  

പ്രധാന പ്രതി ഹമീദാണ് തട്ടിപ്പിന് ഉപയോഗിച്ച വാഹനം, വ്യാജ സ്വർണ വെള്ളരി, മൊബൈൽ ഫോൺ, സിംകാർഡ് എന്നിവ സംഘടിപ്പിച്ചത്. ഇയാൾ നേരത്തെ സമാന കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പെട്ടയാളാണ്.  ഊട്ടി, പൊന്നാനി, കേച്ചേരി എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതികളെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.