Asianet News MalayalamAsianet News Malayalam

കോഴിക്കോട് ട്രെയിനില്‍ കടത്തിയ 3.8 കിലോ സ്വര്‍ണ്ണം പിടികൂടി

എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ട്രെയിനില്‍ റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് രാജസ്ഥാനിലെ പാലി സ്വദേശിയായ അഷ്റഫ് ഖാന്‍ പിടിയിലായത്.

gold seized from train kozhikkode
Author
Kozhikode, First Published Mar 18, 2021, 9:35 PM IST

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ 800 ഗ്രാം സ്വര്‍ണ്ണം കോഴിക്കോട്ട് റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ സ്വദേശിയായ അഷ്റഫ് ഖാന്‍ സ്വര്‍ണ്ണക്കടത്തിന് പിടിയിലായി. ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ കടത്തിയത്.

എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ട്രെയിനില്‍ റെയില്‍വേ സംരക്ഷണ സേന നടത്തിയ പരിശോധനയ്ക്കിടെയാണ് രാജസ്ഥാനിലെ പാലി സ്വദേശിയായ അഷ്റഫ് ഖാന്‍ പിടിയിലായത്. മൂന്ന് കിലോ 800 ഗ്രാം സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. 100 ഗ്രാം വീതമുള്ള 38 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് ആര്‍പിഎഫ് പിടികൂടിയത്.

കോഴിക്കോട്ടെ വിവിധ ജ്വല്ലറികള്‍ക്ക് നല്‍കാനാണ് സ്വര്‍ണ്ണം കൊണ്ട് വന്നത് എന്നാണ് അഷ്റഫ് ഖാന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ കോഴിക്കോട്ടേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റാണ് എടുത്തിരുന്നത്. ഷര്‍ട്ടിനുള്ളില്‍ ധരിച്ച പ്രത്യേക ജാക്കറ്റിലെ വിവിധ അറകളിലാണ് ഇയാള്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആര്‍പിഎഫ് പരിശോധന നടത്തുകയായിരുന്നു.

എന്നാല്‍ രേഖകളുള്ള സ്വര്‍ണ്ണമാണിതെന്നും കൊണ്ട് വരുന്നതിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ജാക്കറ്റിലെ വിവിധ അറകളില്‍ സൂക്ഷിച്ചതെന്നുമാണ് അഷ്റഫ് ഖാന്‍ പറയുന്നത്. ചില ബില്ലുകളും ഇയാള്‍ ആര്‍പിഎഫിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിച്ചെടുത്ത സ്വര്‍‍ണ്ണം കസ്റ്റംസ് പ്രിവന്‍റീവ് സംഘത്തിന് കൈമാറി. അഷ്റഫ്ഖാന്‍ കൈമാറിയ ബില്ലുകള്‍ ഒറിജിനലാണോ എന്നത് സംബന്ധിച്ച് അടക്കമുള്ളവയില്‍ കസ്റ്റംസാണ് അന്വേഷണം നടത്തുക.

Follow Us:
Download App:
  • android
  • ios