Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിന് ഭീകരബന്ധവും? യുഎപിഎ ചുമത്തി, കുരുക്ക് മുറുക്കി എൻഐഎ

സരിത്തിനെ ഒന്നാം പ്രതിയായും സ്വപ്നയെ രണ്ടാം പ്രതിയായും കൊച്ചി സ്വദേശി ഫൈസൽ ഫരീദിനെ മൂന്നാം പ്രതിയായും റജിസ്റ്റർ ചെയ്ത എഫ്ഐആറിനെക്കുറിച്ചുള്ള വാർത്താക്കുറിപ്പിലാണ് എൻഐഎയുടെ നിർണായകമായ നിരീക്ഷണങ്ങൾ. 

gold smuggling case gold smuggled might have used for terrorist activities says nia
Author
Kochi, First Published Jul 10, 2020, 5:59 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കളളക്കടത്തിന് ഭീകരബന്ധമുണ്ടാകാമെന്ന് എൻഐഎ. കേസിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിവരങ്ങളടങ്ങിയ വാർത്താക്കുറിപ്പിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി കടത്തിയ സ്വർണം ഉപയോഗിച്ചിരിക്കാമെന്ന നിരീക്ഷണമുള്ളത്. 

എൻഐഎയുടെ വാർത്താക്കുറിപ്പിങ്ങനെ:

''തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ യുഎപിഎയുമായി ബന്ധപ്പെട്ട് 16, 17, 18 വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി സരിത്ത് പി എസ്, തിരുവനന്തപുരം സ്വദേശി സ്വപ്ന പ്രഭ സുരേഷ്, എറണാകുളം സ്വദേശി ഫാസിൽ ഫരീദ്, തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ എന്നിവർക്കെതിരെയാണ് കേസ്. ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 14.82 കോടി രൂപ വില വരുന്ന മുപ്പത് കിലോ സ്വർണവുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ. 

ഈ സ്വർണം യുഎഇയിൽ നിന്നുള്ള ഒരു ഡിപ്ലോമാറ്റിക് ബാഗിലാണ് കണ്ടെത്തിയത്. എന്നാലിത് നയതന്ത്രപരിരക്ഷയുള്ള ബാഗായിരുന്നില്ല. യുഎഇ കോൺസുലേറ്റിൽ മുമ്പ് പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന സരിത്താണ് ഏറ്റുവാങ്ങേണ്ടിയിരുന്നത്. കസ്റ്റംസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി ബാഗുകൾ സരിത്ത് മുമ്പും ഏറ്റുവാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 

വിദേശത്ത് നിന്ന് വൻതോതിൽ സ്വർണക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട കേസായതിനാൽ ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും തന്നെ ബാധിക്കുന്നതാണ്. യുഎപിഎ നിയമത്തിന്‍റെ 15-ാം വകുപ്പ് പ്രകാരം ഇത് തീവ്രവാദപ്രവർത്തനമായിത്തന്നെ കണക്കാക്കാവുന്നതാണ്. മാത്രമല്ല, ഇതിന് ദേശീയ, അന്തർദേശീയ ബന്ധങ്ങളും മാനങ്ങളുണ്ട് എന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കടത്തിയ സ്വർണം രാജ്യത്തെ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം. അതിനാലാണ് എൻഐഎ ഈ കേസ് ഏറ്റെടുക്കുന്നത്'', എന്ന് എൻഐഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

സ്വർണം അയക്കുന്ന ചിലർക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനകൾ നേരത്തെ കിട്ടിയ അടിസ്ഥാനത്തിൽ കൂടിയാണ് എൻഐഎ നേരിട്ട് തന്നെ അന്വേഷിക്കാൻ തീരുമാനിച്ചത് എന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദില്ലി ബ്യൂറോ റിപ്പോ‍ർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം സംഭവത്തിൽ ഒതുങ്ങാതെ വ്യാപക അറസ്റ്റുകൾ കേസിലുണ്ടാവാമെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നുണ്ട്. 

പ്രധാനമന്ത്രിയുടെ കൂടി അനുമതിയുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്ത് കേസ് എൻഐഎക്ക് വിട്ടത്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഇതിനായി പരിഗണിച്ചു. കേരളത്തിൽ നിന്ന് ഐഎസ്സിൽ ചേർന്നവർ സ്വർണം സംസ്ഥാനത്തേക്ക് കടത്തി എന്ന റിപ്പോർട്ടുകളും കേന്ദ്രസ‍ർക്കാരിന് ലഭിച്ചിട്ടുണ്ട്. 

രാജ്യത്തെ ഭീകരസംഘടനകളെ സഹായിക്കാൻ വിദേശത്ത് നിന്നുള്ള സ്വർണം ഉപയോഗിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കസ്റ്റംസ് തന്നെയാകും അന്വേഷിക്കും. എന്നാൽ വലിയ റാക്കറ്റിന്‍റെ കണ്ണികൾ എന്ന നിലയ്ക്ക് യുഎപിഎ പ്രകാരം പ്രതികൾക്കെതിരെ എൻഐഎക്ക് കേസെടുക്കാനാകും. രാജ്യത്തിനെതിരായ കള്ളക്കടത്ത് അന്വേഷിക്കാൻ എൻഐഎ നിയമം ഏജൻസിക്ക് അധികാരം നൽകുന്നുണ്ട്. വിദേശത്ത് കേസന്വേഷണത്തിനുള്ള നിയമപരമായ അധികാരമുണ്ടെന്നതും എൻഐഎക്ക് മുതൽക്കൂട്ടാണ്. 

യുഎഇയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടും എന്നാണ് എൻഐഎ അടക്കമുള്ള ഏജൻസികൾ പ്രതീക്ഷിക്കുന്നത്. അന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും യുഎഇ വാഗ്ദാനം ചെയ്ത പശ്ചാത്തലത്തിൽ പ്രത്യേകിച്ച്. രാഷ്ട്രീയബന്ധമുള്ള ചിലരുടെ ഉൾപ്പടെ അറസ്റ്റുകൾ നടന്നേക്കാം എന്നത് ഉറപ്പാണ്. എൻഐഎ അന്വേഷണവും അറസ്റ്റും അതിൽ പുറത്തുവരുന്ന വിവരങ്ങളുടെയും ഒക്കെ പശ്ചാത്തലത്തിലാകും കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നതാവും ഈ കേസിന്‍റെ രാഷ്ട്രീയ പ്രധാന്യം.

Follow Us:
Download App:
  • android
  • ios