തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വൻ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചത് എങ്ങനെയെന്നതിൽ വിവരങ്ങൾ പുറത്തുവിടാതെ ഒളിച്ചുകളിച്ച് സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാരിന് കീഴിലുള്ള വിഎസ്‍എസ്‍സി ഡയറക്ടറും മുൻ ഡയറക്ടറും അടങ്ങിയ ഉപദേശകസമിതിയാണ് സ്വപ്ന സുരേഷിനെ താൽക്കാലിക നിയമനത്തിനായി തെരഞ്ഞെടുത്തതെന്ന് പാർട്ടി മാധ്യമമായ 'ദേശാഭിമാനി'യിൽ അടക്കം വന്ന വാർത്തകൾ വിഎസ്‍എസ്‍സി ഡയറക്ടർ എസ് സോമനാഥ് തള്ളി. സ്പേസ് പാർക്കിന്‍റെ ഉപദേശകസമിതി ഇതുവരെ യോഗം ചേർന്നിട്ട് പോലുമില്ലെന്നും, നിയമനത്തിനുള്ള അധികാരം ഉപദേശകസമിതിക്ക് ഇല്ലെന്നും എസ് സോമനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്പേസ് പാർക്കിന്‍റെ ഉപദേശകസമിതിയുടെ ചുമതലകളെക്കുറിച്ചും എസ് സോമനാഥ് വ്യക്തമാക്കുന്നു. സ്പേസ് പാർക്കിന്‍റെ സാങ്കേതികകാര്യങ്ങളെക്കുറിച്ചുള്ള മേൽനോട്ടമാണ് ഉപദേശകസമിതി നടത്തുന്നത്. ജീവനക്കാർക്ക് സ്പേസ് ടെക്നോളജിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശീലനമോ അത്തരം സഹായങ്ങളോ വേണമെങ്കിൽ നൽകുക എന്നതും ഉപദേശകസമിതിയുടെ ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ്. ഇതല്ലാതെ, നിയമനവുമായി ബന്ധപ്പെട്ട ഒരു തീരുമാനങ്ങളും സ്വീകരിക്കാൻ ഉപദേശകസമിതിക്ക് കഴിയില്ലെന്നും എസ് സോമനാഥ് അറിയിച്ചു. 

പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹികാരാശവകുപ്പിന്‍റെ അധീനതയിൽ പ്രവർത്തിക്കുന്ന വിഎസ്‍എസ്‍സിയുടെ ഡയറക്ടർ അടക്കം അംഗങ്ങളായ സ്പേസ് പാർക്ക് ഉപദേശകസമിതിയിലെ ഒരു അംഗം മാത്രമാണ് ഐടി സെക്രട്ടറി എ ശിവശങ്കർ എന്നായിരുന്നു പാർട്ടി മാധ്യമങ്ങളടക്കം വിശദീകരിച്ചത്. ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അവതാരകൻ വിനു വി ജോൺ അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് ഇതേക്കുറിച്ചുള്ള വിശദീകരണം വിഎസ്‍എസ്‍സി ഡയറക്ടർ എസ് സോമനാഥ് നൽകുകയായിരുന്നു.  ഇതേക്കുറിച്ച് ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നതുമില്ല. 

ആരാണ് സ്വപ്നയുടെ നിയമനത്തിന് പിന്നിൽ?

ആരാണ് സ്വപ്ന സുരേഷിന്‍റെ നിയമനത്തിന് പിന്നിലെന്നതിലെ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സംസ്ഥാനസർക്കാർ തയ്യാറായിട്ടുമില്ല. സ്വപ്ന സുരേഷിന്‍റെ സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്ന വാർത്ത നേരത്തേ തന്നെ പുറത്തുവന്നിരുന്നതാണ്. 

സ്പേസ് പാര്‍ക്കില്‍ ജോലി നേടാനായി ബെംഗളുരു ആസ്ഥാനമായ വിഷന്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് സ്വപ്ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന സംശയം ഉയരുന്നത്. എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്യുമ്പോൾ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലെ ഡിപ്ലോമയും മാത്രം. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ കോൺസുൽ ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടാന്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ രേഖകള്‍ എന്തെന്ന കാര്യം ഇപ്പോഴും അവ്യക്തവുമാണ്. പക്ഷേ അവിടെ നിന്നും സ്പേസ് പാര്‍ക്കില്‍ ജോലിക്കെത്തിയപ്പോള്‍ ബികോം ബിരുദധാരിയെന്ന സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന സമര്‍പ്പിച്ചത്. 

മുംബൈ ആസ്ഥാനമായുളള ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന നല്‍കിയത്. എന്നാല്‍ ഇവിടെ ബികോം കോഴ്സ് തന്നെ ഇല്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന മറുപടി. ഇതോടെയാണ് ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ സംശയനിഴലിലാകുന്നത്. 

ഈ സർട്ടിഫിക്കറ്റുകളെല്ലാം ആരാണ്, എങ്ങനെയാണ് പരിശോധിച്ചതെന്നും, എന്തടിസ്ഥാനത്തിലാണ് അഭിമുഖത്തിൽ പങ്കെടുത്ത് ഒന്നരലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന പദവിയിൽ സ്വപ്ന എത്തിയതെന്നും കൃത്യമായ ഉത്തരം സംസ്ഥാനസർക്കാർ നൽകുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുമില്ല. 

സ്വപ്നയുടെ പദവി എന്ത്?

സ്പേസ് പാർക്കുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ യഥാർത്ഥ പദവി എന്തായിരുന്നു എന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഓപ്പറേഷൻസ് മാനേജർ എന്നാണ് സ്വപ്നയുടെ വിസിറ്റിംഗ് കാർഡിലുള്ളത്. സ്പേസ് പാർക്കിന്‍റെ കീഴിലുള്ള ഒരു പ്രോജക്ടിലെ ഒരു സ്റ്റാഫ് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സ്വപ്ന വിഷൻ ടെക്നോളജി എന്ന കമ്പനിയുടെ ഉദ്യോഗസ്ഥയെന്ന് ചില സിപിഎം നേതാക്കൾ പറയുന്നു. സ്വപ്ന സുരേഷ് തന്നെ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ ജോലി ചെയ്യുന്നയാൾ എന്നാണ്.

എന്നാലിത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് നിഷേധിക്കുകയും ചെയ്യുന്നുണ്ട്. സ്വപ്നയുടെ നിയമനം വിഷൻ ടെക്നോളജി എന്ന കമ്പനി വഴിയായിരുന്നുവെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷൻ ടെക്‌നോളജിയാണെന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പറയുന്നു.