സ്വർണ്ണക്കടത്ത് വിവാദങ്ങൾ വിമാനത്താവളം കടന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തിയപ്പോൾ ചുരുളഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിൽ നടന്ന നിയമനങ്ങളിലെ കള്ളക്കളികളാണ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദങ്ങൾ വിമാനത്താവളം കടന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തിയപ്പോൾ ചുരുളഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിൽ നടന്ന നിയമനങ്ങളിലെ കള്ളക്കളികളാണ്. വ്യാജ ബിരുദവുമായി സ്വപ്ന സുരേഷ് സർക്കാരിന്‍റെ സ്പേസ് പാർക്കിൽ ജോലി നേടിയ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സ്വപ്നക്ക് ശമ്പളം നൽകിയ തുക ശിവശങ്കറിൽ നിന്നടക്കം തിരിച്ചുപിടിക്കണമെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോർട്ടിലും ഒന്നും സംഭവിച്ചില്ല
2020 ജൂലൈ 13നാണ് ബിരുദ തട്ടിപ്പിൽ സ്വപ്ന സുരേഷിനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. കെഎസ്ഐടിഐല്ലിന്‍റെ സ്പേസ് പാർക്കിൽ ജോലി ചെയ്ത സ്വപ്നക്കെതിരെ പരാതി നൽകിയത് കെഎസ്ഐടിഐഎൽ എംഡി ജയശങ്കർ പ്രസാദ്. അന്വേഷണം ഏറ്റെടുത്ത കന്‍റോണ്‍മെന്‍റ് പൊലീസ് ഇതുവരെയുള്ള പ്രധാന അന്വേഷണ പുരോഗതി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് മാത്രം. തൊഴിൽ തട്ടിപ്പിൽ ഉന്നതരിലേക്കാണ് കണ്ണി നീളുന്നത്. സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി ഉറപ്പാക്കാൻ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ ഇടപെട്ടുവെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തൽ.
വ്യാജ ബിരുദവും ശുപാർശയുമായി എത്തിയ സ്വപ്നയെ അഭിമുഖം നടത്തിയത് കെഎസ്ഐടിഐഎല്ലിന്‍റെ എംഡി ജയശങ്കർ പ്രസാദ്. സ്വർണ്ണക്കടത്ത് വിവാദനാളുകളിൽ ഒരു മുഴം മുന്നെ എറിഞ്ഞ് പരാതി നൽകിയത് കൊണ്ട് പ്രതിയാകേണ്ടയാൾ അന്ന് വാദിയായി. ഇപ്പോഴും അന്വേഷണം അഭിമുഖം നടത്തിയ കെഎസ്ഐടിഐൽ എംഡിയെ തൊട്ടിട്ടില്ല. പൊലീസ് അന്വേഷണത്തിൽ പ്രതികൾ സ്വപ്നയും, സ്വപ്നയെ സ്പെസ്പാർക്കിലേക്ക് നൽകിയ കണ്‍സൾട്ടൻസി സ്ഥാപനമായ പ്രൈസ് വാർട്ടർ ഹൗസ് കൂപ്പേഴ്സും,വിവാദ റിക്രൂട്ട്മെന്‍റ് നടത്തിയ വിഷൻ ടെക്കും മാത്രം. എം ശിവശങ്കറും,ജയശങ്കർപ്രസാദും ഈ കേസിൽ ഇതുവരെ സുരക്ഷിതർ.
വ്യാജ ബിരുദ പ്രശ്നം മാത്രമല്ല സർക്കാരിന് സാമ്പത്തിക നഷ്ടം വന്നത് കൊണ്ട് അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടി കേസ് വിജിലൻസിന് കൈമാറണമെന്ന ശുപാർശ സിറ്റി പൊലീസ് കമ്മീഷണർ നൽകിയിരുന്നു.എന്നാൽ കേസ് ഇതുവരെ വിജിലൻസിന് കൈമാറിയിട്ടില്ല. നേരിട്ട് വിജിലൻസിന് ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെങ്കിലും അതും എങ്ങും എത്തിയില്ല.
മുഖ്യമന്ത്രിയുടെ വകുപ്പിൽ തന്നെയുള്ള പിൻവാതിൽ നിയമനങ്ങൾ പുറത്തായതോടെ ധനകാര്യ പരിശോധനാ വിഭാഗവും അന്വേഷണം നടത്തി. കെഎസ്ഐടിഐല്ലിലും മറ്റ് ഐടി സ്ഥാപനങ്ങളിലും അനവധി അനധികൃത നിയമനങ്ങൾ നടന്നുവെന്നാണ് കണ്ടെത്തൽ.
സ്വപ്ന സുരേഷിന്‍റെ ശമ്പളത്തിനായി സർക്കാർ ചെലവഴിച്ച തുക കണ്‍സൾട്ടൻസി നൽകില്ലെങ്കിൽ എം.ശിവശങ്കർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നായിരുന്നു പ്രധാന ശുപാർശ.അതിലും ഒരു നടപടിയും ഉണ്ടായില്ല. ഐടി വകുപ്പിലെ ഇനിയുള്ള കരാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ സമതിയെ നിയമിച്ചത് മാത്രമാണ് മാറ്റം.