കണ്ണൂര്‍: കണ്ണൂരിൽ പട്ടാപ്പകൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലടിച്ച സംഭവത്തിൽ പൊലീസ് രണ്ട് കേസെടുത്തു. ഇന്നലെ പിടിയിലായ ആറ് പേരെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പിൽ ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന ബിൻഷാദിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലാകുന്നത്. ഇരിട്ടി സ്വദേശികളായ സഹോദരങ്ങളാണ് ബിൻഷാദിന്‍റെ വിവരങ്ങൾ മലപ്പുറം സംഘത്തിന് ചോർത്തി നൽകിയത്.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്‍റീനിൽ കഴിഞ്ഞിരുന്ന പേരാമ്പ്ര സ്വദേശി ബിൻഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വർണക്കടത്തിലെ തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. എട്ടാം തീയതി നെടുമ്പാശ്ശേരി വഴി ബിൻഷാദ് അമ്പത് ലക്ഷത്തിന്‍റെ സ്വർണ്ണം കടത്തിയിരുന്നു. പക്ഷെ സ്വർണം എത്തേണ്ട മലപ്പുറത്ത് എത്തിക്കാതെ കബളിപ്പിച്ചു. പേരാമ്പ്ര സ്വദേശിയായ ബിൻഷാദ് നേരെ കൂത്തുപറമ്പിലെ ലോഡ്ജിലാണ് എത്തിയത്. 

ഇതിനിടെ ഇരിട്ടിയിലെ ഇയാളുടെ ഭാര്യ വീട്ടിൽ മലപ്പുറം സംഘം അന്വേഷിച്ചെത്തി. ബിൻഷാദ് ലോഡ്ജിൽ ഒളിവിലാണെന്ന വിവരം നൽകിയത് ഇരിട്ടി ഉളിയിലിലുള്ള സഹോദരങ്ങളായ സനീഷ് , സന്തോഷ് എന്നിവരാണ്. തട്ടിക്കൊണ്ടുപോകൽ ശ്രമിത്തനിടെ ബിൻഷാദിന്‍റെ കൂട്ടാളികളുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സംഘർഷം നടക്കുന്നതിന് തൊട്ടുമുമ്പ് ഇവർ തമ്മിൽ ലോഡ്ജിലെ ബേസ്മെന്‍റിൽ ഒത്തുതീർപ്പ് സംസാരം നടന്നതായാണ് പൊലീസ് നിഗമനം. 

ബിൻഷാദിന്‍റെ ഭാഗത്ത് നിന്ന് പരാതി ഒന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. നിലവിൽ മലപ്പുറം സംഘത്തിലെ നാല് പേരും, ബിൻഷാദിന്‍റെ കൂട്ടാളികളായ രണ്ടുപേരുമാണ് റിമാൻഡിലായത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മലപ്പുറം സംഘത്തിലെ ഒരാൾ ഇന്നലെ തന്നെ രക്ഷപ്പെട്ടിരുന്നു. കടത്തിയെന്ന് പറയപ്പെടുന്ന അമ്പത് ലക്ഷത്തിന്‍റെ സ്വർണത്തെ കുറിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.