കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോയിൽ അധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. 62 ലക്ഷം രൂപ വരുന്ന 1041 ഗ്രാം സ്വർണമാണ് പിടികൂടിയതെന്നും കസ്റ്റംസ് വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്തുവന്ന മറ്റൊരുവാർത്ത 24 മണിക്കൂറിനിടയിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി എന്നതാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടിയത് മൂന്ന് പേരിൽ നിന്നായാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വർണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നിവരിൽ നിന്നാണ് ഇത്രയും സ്വർണ്ണം പിടിച്ചെടുത്തത്. അഷ്റഫ് അടിവസ്ത്രത്തിലേക്ക് എന്തോ പായ്ക്കറ്റ് ഒളിപ്പിക്കുന്നതിൽ സംശയം തോന്നിയ വിമാന ജീവനക്കാർ ആണ് കസ്റ്റംസിന് വിവരം നൽകിയത്. പരിശോധനയിൽ കണ്ടെത്തിയത് 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയതിലാണ് ഒളിപ്പിച്ചത്. മറ്റൊരു യാത്രക്കാരനായ ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 48 ലക്ഷം രൂപ വില വരുന്ന 932 ഗ്രാം തൂക്കമുള്ള എട്ട് സ്വർണ ബിസ്ക്കറ്റുകള്‍ പിടിച്ചു. മലേഷ്യയിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ആളൂർ ഹുസൈൻ എന്നയാളിൽ നിന്ന് 54 ലക്ഷം രൂപവില വരുന്ന 1051 ഗ്രാം സ്വർണവും പിടികൂടി. ഇയാൾ മലദ്വാരത്തിനകത്ത് ഗുളികയുടെ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്.
