തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ 25 കിലോ സ്വര്‍ണം കൊണ്ടുവന്നത് മലപ്പുറം സ്വദേശിയായ ഹക്കീമിന് വേണ്ടിയെന്ന് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി. തിരുവനന്തപുരത്തെ ജൂവലറി മാനേജരായ ഹക്കീമിന്റെ വീട്ടില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരനായ അഡ്വ. ബിജുവിൽ നിന്നാണ് ഹക്കിം സ്വർണം വാങ്ങുന്നത്. ഇയാൾ ആറ്റുകാൽ ഷോപ്പിംഗ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന പിപിഎം ജുവല്ലറിയുടെ മാനേജരാണ്. ഒളിവിൽ പോയ ഹക്കീമിന് വേണ്ടി മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കി. കേസില്‍ സംശയം ഉളളവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർക്ക് ഹക്കീമിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഹക്കീമിന്റെ മലപ്പുറത്തെയും തിരുവനന്തപുരത്തെയും വസതികള്‍ ഡിആര്‍ഐ റെയ്ഡ് ചെയ്തു.

ഡിആര്‍ഐ നാല് സംഘമായി തിരിഞ്ഞ് ദുബായിലും, തിരുവനന്തപുരത്തും, മലപ്പുറത്തും, കോഴിക്കോടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേസില്‍ കൂടുതല്‍ റെയ്ഡുകള്‍ ഉണ്ടാവുമെന്നാണ് വിവരം.