തൃശ്ശൂർ: മുറ്റിച്ചൂരിൽ വീടുകൾക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആക്രമണത്തിന് ഉപയോഗിച്ച കാറും അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. പെരിങ്ങോട്ടുകര സ്വദേശി ബിനേഷ്, മണലൂർ സ്വദേശികളായ സായിഷ്, വിനായക്, നാട്ടിക കാളകുടവത്ത് സുജീഷ് , പടിയം സ്വദേശി സനൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പെരിങ്ങോട്ടുകര, കാഞ്ഞാണി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് മുറ്റിച്ചൂർ, പടിയം, കാരാമാക്കൽ എന്നിവിടങ്ങളിലെ ആറ് വീടുകൾക്കു നേരെ ആക്രമണം നടന്നത്. കഞ്ചാവ് ഗുണ്ടാ സംഘങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പരസ്പരം നടത്തിയ വെല്ലുവിളികളുടെ തുടർച്ചയായായിരുന്നു ആക്രമണം. പന്നിപ്പടക്കം എറിഞ്ഞതിനെത്തുടർന്ന് ചില വീടുകളിലെ ചില്ലുകൾ തകരുകയും വാഹനങ്ങൾ നശിക്കുകയും ചെയ്തിരുന്നു.

കേസിൽ കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഗുണ്ടാ ലിസ്റ്റിൽപ്പെട്ട അൻപതോളം പേരെ പോലീസ് വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി വിട്ടയച്ചു. ഗുണ്ടാ സംഘങ്ങൾക്കായി വ്യാപക തെരച്ചിലിനൊരുങ്ങുകയാണ് പൊലീസ്.